യാത്രയ്ക്കിടെ കാര്‍ പണിമുടക്കി, റോഡില്‍ കുടുങ്ങി സ്വദേശി യുവാവ്; പുതിയ കാര്‍ സമ്മാനിച്ച് ഞെട്ടിച്ച് ഗവര്‍ണര്‍

റിയാദ്: യാത്രയ്ക്കിടയില്‍ വഴിമധ്യേ കാര്‍ കേടായി വഴിയില്‍ കുടുങ്ങുമ്പോള്‍ പകരം ഒരു പുതിയ കാര്‍ സമ്മാനമായി കിട്ടിയാല്‍ എങ്ങനെയിരിക്കും. അത്തരത്തിലൊരു അനുഭവമാണ് സൗദിയിലെ സ്വദേശി യുവാവ് പങ്കുവയ്ക്കുന്നത്.

സൗദി അറേബ്യയിലെ അസീര്‍ പ്രവിശ്യാ ഗവര്‍ണര്‍ തുര്‍ക്കി ബിന്‍ ത്വലാല്‍ രാജകുമാരനാണ് സ്വദേശി യുവാവിന് പുതിയ കാര്‍ സമ്മാനിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മഹായില്‍ അസീറിലൂടെ തുര്‍ക്കി ബിന്‍ ത്വലാല്‍ രാജകുമാരന്‍ കടന്നുപോകുന്നതിനിടെയാണ് വഴിയിലൊരു യുവാവ് കേടായ കാറിന് സമീപം നില്‍ക്കുന്നത് കണ്ടത്. ഉടന്‍ തന്നെ അദ്ദേഹം അടുത്തെത്തി കാര്യം അന്വേഷിച്ചു.

വിവരം അറിഞ്ഞപ്പോള്‍ ഈ കേടായ കാറല്ലാതെ വേറെ വാഹനം ഉണ്ടോയെന്നായി ഗവര്‍ണറുടെ ചോദ്യം. ഇല്ലെന്നായിരുന്നു യുവാവിന്റെ മറുപടി. ഇതോടെ യുവാവിനോട് തന്റെ കാറില്‍ കയറാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. യുവാവിനെയും കൊണ്ട് കാര്‍ ഷോറൂമിലെത്തിയ അദ്ദേഹം പുതിയ വാഹനം വാങ്ങി അദ്ദേഹത്തിന് സമ്മാനിക്കുകയായിരുന്നു. ഫുള്‍ ഓപ്ഷന്‍ ടൊയോട്ട ഹൈലക്‌സ് പിക്കപ്പാണ് യുവാവിന് അപ്രതീക്ഷിതമായി ഗവര്‍ണര്‍ സമ്മാനിച്ചത്.

Exit mobile version