അല്‍ഹസ: കൊവിഡ് ബാധിച്ചതിനു പിന്നാലെ സ്‌പോണ്‍സര്‍ പിരിച്ചുവിട്ടു. യാതൊരു ദയാ ദാക്ഷണ്യവുമില്ലാതെ നടപടിക്ക് ശേഷം കൊല്ലം കാവല്‍പ്പുഴ സ്വദേശി നിസാമുദ്ദീന്‍ അനുഭവിച്ചത് കണ്ണീരിന്റെയും കഷ്ഠതയുടെയും ദുരിതകാലം. ഒടുവില്‍ പ്രവാസി മലയാളി സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.
കഴിഞ്ഞ നാലു വര്‍ഷത്തോളമായി നിസാമുദ്ദീന്‍ സൗദി അറേബ്യയിലെ റിയാദില്‍ ഒരു വീട്ടില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ജോലിക്ക് സ്‌പോണ്‍സര്‍ കൃത്യമായി ശമ്പളം നല്‍കിയിരുന്നില്ല. ഇതിനിടയില്‍ കൊവിഡ് ബാധയേറ്റു. ആരോഗ്യം മോശമായി. പിന്നാലെ രോഗിയെന്ന പരിഗണന പോലും നല്‍കാതെ സ്‌പോണ്‍സര്‍ പിരിച്ചുവിടുകയായിരുന്നു. ഉള്ള ജോലിയും നഷ്ടപ്പെട്ടതോടെ നിസ്സാമുദ്ദീന് പിടിച്ചു നില്‍ക്കാന്‍ പോലും കഴിയാത്ത സ്ഥിതിയായി.
വല്ലപ്പോഴും കിട്ടുന്ന അല്ലറ ചില്ലറ പണികള്‍ ചെയ്തും, പലരില്‍ നിന്നും കടം വാങ്ങിയും ദിവസങ്ങള്‍ തള്ളിനീക്കുകയായിരുന്നു പിന്നീട്. മാസങ്ങളോളം ശമ്പളം ഇല്ലാതെ വന്നതോടെ മാനസികമായും ശാരീരികമായും നിസാമുദ്ദീന്‍ തളര്‍ന്നു. ഇത് മറ്റു അസുഖങ്ങള്‍ക്കും വഴിവച്ചു. ഇഖാമ പുതുക്കാനോ, എക്‌സിറ്റ് അടിച്ചു നാട്ടിലേയ്ക്ക് മടങ്ങാനോ കഴിയാത്ത അവസ്ഥയില്‍ അദ്ദേഹം ഏറെ കഷ്ടപ്പെട്ടു. വരുമാനം നിലച്ചതോടെ നാട്ടില്‍ ഭാര്യയും മക്കളും അടങ്ങുന്ന കുടുംബം കൂടുതല്‍ ദുരിതത്തിലായി.
ഇതോടെ നിസാമുദ്ദീന്റെ സൗദിയിലെ അവസ്ഥ അറിഞ്ഞ വീട്ടുകാര്‍ അവരുടെ വാര്‍ഡ് കൗണ്‍സിലര്‍ ആയ മെഹര്‍ നിസ്സയെ സമീപച്ചതോടെ കാര്യങ്ങള്‍ നവയുഗം പ്രവര്‍ത്തകരുടെ അടുത്തെത്തി. പൊതുപ്രവര്‍ത്തകനായ മുരുകന്റെ സഹായത്തോടെയാണ് അല്‍ഹസയിലെ നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകനായ സിയാദ് പള്ളിമുക്കുമായി ബന്ധപ്പെട്ട് സഹായം അഭ്യര്‍ഥിച്ചത്. തുടര്‍ന്ന് നിസാമുദ്ദീനുമായി ഫോണില്‍ സംസാരിക്കുകയും, ഷാജി അദ്ദേഹത്തിനൊപ്പം നിസാമുദ്ദീന് താമസ സൗകര്യവും ഒരുക്കുകയും ചെയ്തു.
ഇദ്ദേഹത്തിന്റെ സ്‌പോണ്‍സറുമായി ബന്ധപ്പെട്ട് സംസാരിച്ചെങ്കിലും, അദ്ദേഹം ഒരു തരത്തിലു സഹകരിക്കാന്‍ തയ്യാറല്ലായിരുന്നു. തുടര്‍ന്ന് സിയാദ്, ഇന്ത്യന്‍ എംബസ്സിയുമായി ബന്ധപ്പെട്ട് നിസാമുദ്ദീന് ഔട്ട്പാസ്സ് നേടുകയും, സാമൂഹ്യപ്രവര്‍ത്തകനായ മണിമാര്‍ത്താണ്ഡത്തിന്റെ സഹായത്തോടെ ജവാസാത്തുമായി ബന്ധപ്പെട്ട് ഫൈനല്‍ എക്‌സിറ്റ് നേടുകയും ചെയ്തു. നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരായ ഷാജി പുള്ളി, നസീര്‍, ബീനീഷ്, സലിം എന്നിവര്‍ ചേര്‍ന്ന് ടിക്കറ്റും എടുത്തു നല്‍കി. തന്നെ സഹായിച്ച എല്ലാവരോടും നന്ദി പറഞ്ഞ് ദുരിതകാലം അവസാനിപ്പിച്ച് സൗദിയില്‍ നിന്നും നിസാമുദ്ദീന്‍ നാട്ടിലേയ്ക്ക് തിരിച്ചു.