ദുബായ്: കോവിഡ് 19 വൈറസിന്റെ പുതിയ വകഭേദം വ്യാപിക്കുന്ന സാഹചര്യത്തിൽ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്ക് ഏർപ്പെടുത്തി യുഎഇ. ആഫ്രിക്കൻ രാജ്യങ്ങളായ ദക്ഷിണാഫ്രിക്ക, നമീബിയ, ലെസോതോ, ഇസ്വതിനി, സിംബാവ്‌വെ, ബോട്‌സ്വാന, മൊസംബിക് എന്നി രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് വിലക്ക് ഏർപ്പെടുത്തിയത്.
ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയും ദേശീയ അടിയന്തിര ദുരന്തനിവാരണ അതോറിറ്റിയുമാണ് വിലക്ക് പ്രഖ്യാപിച്ചത്. തിങ്കളാഴ്ച മുതലാണ് വിലക്ക് പ്രാബല്യത്തിൽ വരിക. ഈ രാജ്യങ്ങളിൽ നിന്നുള്ള ട്രാൻസിറ്റ് യാത്രക്കാർക്കും വിലക്ക് ബാധകമാണ്. 14ദിവസത്തിനുള്ളിൽ ഈ രാജ്യങ്ങൾ സന്ദർശിച്ചവർക്കും യുഎഇയിലേക്ക് വരുന്നതിന് അനുമതി ലഭിക്കില്ല.
എന്നാൽ, ഈ രാജ്യങ്ങളിലേക്ക് യുഎഇയിൽ നിന്ന് യാത്രക്കാരുമായി പോകാൻ വിമാനക്കമ്പനികൾക്ക് അനുമതിയുണ്ട്. തിരികെ സാധാരണ യാത്രക്കാരെ സ്വീകരിക്കരുതെന്നും യുഎഇ പൗരന്മാർ, നയതന്ത്ര ഉദ്യോഗസ്ഥർ, ഗോൾഡൻ വിസയുള്ളവർ എന്നിവർക്ക് യുഎഇയിലേക്ക് വരാൻ വിലക്ക് ബാധകമായിരിക്കില്ലെന്നും അധികൃതർ അറിയിച്ചു.
യുഎഇയിലേക്ക് വരാൻ അനുമതിയുള്ളവർ ഏർപ്പെടുത്തിയ മുൻകരുതൽ നടപടികൾ കൃത്യമായി പാലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. 48മണിക്കൂറിനിടയിലെ പിസിആർ നെഗറ്റീവ് ഫലം, പുറപ്പെടുന്നതിന് 6മണിക്കൂർ മുമ്പുള്ള റാപിഡ് ടെസ്റ്റ് ഫലം, യുഎഇ എയർപോട്ടിൽ എത്തിയ ഉടനെയുള്ള പിസിആർ എന്നിവക്ക് പുറമെ ഗോൾഡൻ വിസക്കാരും നയതന്ത്ര ഉദ്യോഗസ്ഥരും 10ദിവസത്തെ ക്വാറന്റീൻ സ്വീകരിക്കണം എന്നിവയാണ് മാനദണ്ഡങ്ങളായി പ്രഖ്യാപിച്ചിട്ടുള്ളത്.
Discussion about this post