ദുബായ്: കൊച്ചിയിലേക്കുള്ള സര്‍വ്വീസ് നിര്‍ത്താനൊരുങ്ങി ജെറ്റ് എയര്‍വെയ്സ്. ഇതിന് മുന്നോടിയായി ഫെബ്രുവരി പത്തുമുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ഷാര്‍ജയില്‍ നിന്നു കൊച്ചിയിലേക്ക് സര്‍വ്വീസ് ഉണ്ടാകില്ലെന്ന് വിവിധ ഏജന്‍സികളെ കമ്പനി അറിയിച്ചു. ഇതോടെ അക്ഷരാര്‍ഥത്തില്‍ യുഎഇയില്‍ നിന്നു കേരളത്തിലേക്കുള്ള എല്ലാ സര്‍വ്വീസുകളും ജെറ്റ് എയര്‍വേയ്സ് നിര്‍ത്തലാക്കുകയാണ്.
ഇപ്പോള്‍ ടിക്കറ്റ് എടുത്തവര്‍ക്ക് യാത്രാ തീയതിയുടെ പത്തുദിവസം മുന്‍പോ പിന്‍പോ കണക്കാക്കി പുതിയ തീയതി നിശ്ചയിക്കാം. അതിനു പിഴ ഈടാക്കില്ല. യാത്ര നിശ്ചയിക്കുന്ന പുതിയ തീയതിയില്‍ നേരിട്ട് വിമാനം ഇല്ലാത്തപക്ഷം മുംബൈ വഴിയോ ഡല്‍ഹി വഴിയോ യാത്രക്കാര്‍ക്ക് പോകാന്‍ സാധിക്കും.
ഉപയോഗിക്കാത്ത ടിക്കറ്റിന് പിഴയൊന്നും ഈടാക്കാതെ മുഴുവന്‍ തുകയും തിരികെ നല്‍കും. അതേസമയം, ഒരിക്കല്‍ തീയതി മാറ്റിയ ശേഷം വീണ്ടും തീയതിയില്‍ മാറ്റം വരുത്തിയാല്‍ പിഴ ഈടാക്കും.
ഇവിടേക്കുള്ള സര്‍വ്വീസുകള്‍ ലാഭകരമല്ലെന്നാണ് കമ്പനിയുടെ നിലപാട്. ദുബായില്‍ നിന്നു കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കുമുള്ള സര്‍വ്വീസുകള്‍ നേരത്തേ നിര്‍ത്തലാക്കിയിരുന്നു. അവധിക്കാലവും പുതുവര്‍ഷവും എല്ലാം ചേര്‍ന്ന് ഏറ്റവും യാത്രാതിരക്കുള്ള സമയത്തെ നടപടി യാത്രക്കാരെ കൂടുതല്‍ വലയ്ക്കും. യാത്രക്കാരുടെ തിരക്ക് വര്‍ധിക്കുന്നത് മൂലം ടിക്കറ്റ് നിരക്ക് ഇനിയും ഉയരാനുള്ള സാഹചര്യം ഏറുകയും ചെയ്യും.
Discussion about this post