കുവൈത്ത്: അഞ്ചിനും 11നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്സിന് നല്‍കാനൊരുങ്ങി കുവൈത്ത്. നടപടികള്‍ പുരോഗമിക്കുന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രക്ഷിതാവിന്റെ മൊബൈല്‍ ഫോണ്‍ വഴി വാക്സിനേഷന് തിയ്യതിയും സ്ഥലവും സമയവും അറിയിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
12നും 15 നും ഇടയില്‍ പ്രായമുള്ളവരുടെ വാക്സിനേഷന് ഏതാണ്ട് പൂര്‍ത്തിയായ പശ്ചാത്തലത്തിലാണ് അഞ്ചിനും 11 നും ഇടയില്‍ പ്രായമുള്ള കുട്ടികളുടെ രജിസ്ട്രേഷന് നടപടികള്‍ ആരംഭിക്കാന്‍ ആരോഗ്യമന്ത്രാലയം തീരുമാനിച്ചത്. അടുത്ത ദിവസം ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഉണ്ടാകുമെന്നാണ് സൂചന. രജിസ്ട്രേഷന് പൂര്‍ത്തിയാക്കിയാല്‍ അപ്പോയ്ന്റ്മെന്റ് വിവരങ്ങള്‍ രക്ഷിതാവിന്റെ ഫോണിലേക്ക് എസ്എംഎസ് വഴി അറിയിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
അതിനിടെ വഫറ അബ്ദലി ഫീല്‍ഡ് വാക്സിനേഷന് കേന്ദ്രങ്ങളില്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് ഏഴു വരെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും കോവിഡ് പ്രതിരോധ കുത്തിവെപ്പ് ലഭ്യമായിരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
ഇതുവരെ വാക്സിന് എടുക്കാത്തവര്‍ക്കും ആദ്യ ഡോസ് എടുത്തു നിശ്ചിത സമയം പൂര്‍ത്തിയാക്കിയവര്‍ക്കും ഇവിടെ വാക്സിന് ലഭ്യമായിരിക്കുമെന്നു മൊബൈല്‍ ഇമ്മ്യൂണൈസേഷന്‍ വിഭാഗം മേധാവി ഡോ. ദിന അല്‍ ദുഹൈബ് പറഞ്ഞു.
അതേസമയം, കോവിഡ് വ്യാപനം കുറഞ്ഞതോടെ രാജ്യത്ത് നിയന്ത്രണങ്ങളില്‍ ഇളവ് നല്കി തുടങ്ങി. ഏറെക്കാലത്തിന് ശേഷം മസ്ജിദുകളില്‍ സാമൂഹിക അകലം ഒഴിവാക്കി പ്രാര്‍ഥനാ സൗകര്യം ഒരുക്കിയത് കഴിഞ്ഞ ദിവസം മുതലാണ്.
Discussion about this post