ഷാര്‍ജ : ദുബായിയിലെ കാര്‍ഗോ കമ്പനിക്കെതിരെയുള്ള നിയമപോരാട്ടത്തില്‍ മലയാളിക്ക് അനുകൂലവിധി. 2020 ജൂലായ് ആറിന് കാര്‍ഗോ കമ്പനിയിലുണ്ടായ തീപിടുത്തത്തില്‍ സാധനങ്ങള്‍ കത്തിനശിച്ചുപോയ സംഭവത്തിലാണ് പത്തനംതിട്ട സ്വദേശി തോമസ് എബ്രഹാമിന് അബുദാബി കൊമേഴ്സ്യല്‍ കോടതിയുടെ അനുകൂലവിധി വന്നത്. തോമസിന് 40,000 (എട്ട് ലക്ഷം) ദിര്‍ഹം നല്‍കാന്‍ കോടതി ഉത്തരവിട്ടു.
2019 -ലാണ് പരാതിക്കാരന്‍ ഫര്‍ണിച്ചറടക്കം വീട്ടുപകരണങ്ങള്‍ നാട്ടിലേയ്ക്ക് അയയ്ക്കാനായി കാര്‍ഗോയില്‍ ഏല്‍പ്പിച്ചത്. കോവിഡില്‍ ജോലിനഷ്ടപ്പെട്ട് നാട്ടിലേക്ക് തിരിച്ചുപോകുമ്പോഴാണ് തോമസ് എബ്രഹാം നാട്ടിലേക്ക് അയയ്ക്കാനായി സാധനങ്ങള്‍ കാര്‍ഗോയില്‍ ഏല്‍പ്പിച്ചത്. എന്നാല്‍, ഒരു വര്‍ഷം പിന്നിട്ടിട്ടും സാധനങ്ങളെ കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് കാര്‍ഗോ കമ്പനിയില്‍ തീപിടുത്തമുണ്ടായതായും സാധനങ്ങള്‍ കത്തി നശിച്ചതായും അറിഞ്ഞത്. ശേഷം, തോമസ് എബ്രഹാം നോര്‍ക്കയുടെ നിയമോപദേഷ്ടാവ് കൂടിയായ അഡ്വ. ഫെമിന്‍ പണിക്കശ്ശേരിയെ സമീപിച്ച് അബ്ദള്ള അല്‍ നഖ്ബി അഡ്വക്കേറ്റ്സ് മുഖേന കോടതിയില്‍ പരാതി നല്‍കി.
സാധനങ്ങള്‍ നാട്ടിലേക്ക് അയയ്ക്കാതെ നിരുത്തരവാദത്തോടെ കൈകാര്യം ചെയ്തുവെന്ന് കാണിച്ചാണ് കോടതിയെ സമീപിച്ചത്. കൃത്യമായ സേവനനിരക്ക് ഈടാക്കിയിട്ടും സാധനങ്ങള്‍ എത്തിക്കുന്നതില്‍ വീഴ്ച വരുത്തിയ കമ്പനിയുടെ നടപടി വാണിജ്യ വിനിമയനിയമം ആര്‍ട്ടിക്കിള്‍ 304-ന് വിരുദ്ധമായതിനാലാണ് കോടതി നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടതെന്ന് അഡ്വ. ഫെമിന്‍ പണിക്കശ്ശേരി പറഞ്ഞു. സാധനങ്ങള്‍ നഷ്ടപ്പെട്ട കൂടുതല്‍പ്പേര്‍ നഷ്ടപരിഹാരത്തിനായി കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.