റിയാദ്: സൗദിയിലെ പരിഷ്‌കരണവാദി നേതാവും മുന്‍ മന്ത്രിയും രാജകുടുംബാംഗവുമായ തലാല്‍ ബിന്‍ അബ്ദുല്‍ അസീസ്(87) അന്തരിച്ചു. സൗദി ധനികനായ അല്‍ വലീദ് ബിന്‍ തലാലിന്റെ പിതാവ് കൂടിയാണ് തലാല്‍ ബിന്‍ അബ്ദുല്‍ അസീസ്. 1950കളിലും 60കളിലും സൗദിയില്‍ മന്ത്രിയായി സേവനം അനുഷ്ഠിച്ചിരുന്നു.
സൗദിയില്‍ ഭരണഘടനാ പരിഷ്‌ക്കരണം ആവശ്യപ്പെട്ടു കൊണ്ട് പ്രതിഷേധം നയിച്ച തലാലിന്റെ പാസ്പോര്‍ട്ട് അറുപതുകളില്‍ സൗദി റദ്ദാക്കിയിരുന്നു. ഇതേ തുടര്‍ന്ന് വിദേശത്ത് അഭയം തേടിയ തലാല്‍ ഫൈസല്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദിന്റെ ഭരണകാലത്താണ് സൗദിയില്‍ തിരിച്ചെത്തിയത്.
വനിതകളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയും പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തികൂടിയാണ് അദ്ദേഹം. ജോലി ചെയ്യുന്നതിനും ഡ്രൈവിങ് ലൈസന്‍സ് കിട്ടുന്നതിനുമുള്ള വനിതകളുടെ പ്രതിഷേധങ്ങള്‍ക്ക് വന്‍ പിന്തുണയാണ് അദ്ദേഹം നല്‍കി വന്നിരുന്നത്. 1954ല്‍ സൗദിയിലെ ആദ്യ വൊക്കേഷണല്‍ സ്‌കൂള്‍ ആരംഭിക്കുന്നതും 1957ല്‍ റിയാദില്‍ ആദ്യ ഗേള്‍സ് സ്‌കൂള്‍ സ്ഥാപിക്കുന്നതും തലാലാണ്. സൗദിയുടെ പ്രതിരോധ ചിലവുകള്‍ ചുരുക്കണമെന്നും തലാല്‍ ആവശ്യപ്പെട്ടിരുന്നു.