തിരുവനന്തപുരം: പ്രശസ്ത മലയാള സിനിമാതാരം നെടുമുടി വേണു (73) അന്തരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. രാവിലെ നെടുമുടി വേണുവിന്റെ നില അതീവ ഗുരുതരമാണെന്ന് സൂചിപ്പിച്ച് മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നിരുന്നു.
നെടുമുടി വേണു ഒന്നിലധികം ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്.
മലയാള സിനിമയിലെ നിലവിലെ മുതിർന്ന താരം കൂടിയാണ് നെടുമുടി വേണു. സഹതാരമായും വില്ലൻ വേഷങ്ങളിലും കോമഡി വേഷങ്ങളിലും അച്ഛൻ വേഷങ്ങളിലുമെല്ലാം ഒരുപോലെ മികവോടെ തിളങ്ങിയിരുന്ന താരമാണ് വിടവാങ്ങിയത്.
തിയേറ്ററിലും ഡിജിറ്റൽ പ്ലാറ്റുഫോമിലും പ്രദർശനത്തിനെത്തിയ ‘ആണും പെണ്ണും’ എന്ന സിനിമയിലാണ് അദ്ദേഹം ഏറ്റവും അടുത്തായി അഭിനയിച്ചത്.
ഡോ: ബിജു സംവിധാനം ചെയ്യുന്ന ‘ഓറഞ്ച് മരങ്ങളുടെ വീട്’ എന്ന സിനിമയിലും പ്രധാനവേഷം ചെയ്തിട്ടുണ്ട്. കമൽ ഹാസന്റെ ‘ഇന്ത്യൻ 2’ ലും അദ്ദേഹം വേഷമിടും എന്ന് വാർത്ത വന്നിരുന്നു. തിയേറ്റർ റിലീസ് പ്രതീക്ഷിക്കുന്ന ‘മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം’ സിനിമയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
Discussion about this post