കോഴിക്കോട്: ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയും ജാമിഅഃ മര്‍കസ് ചാന്‍സലറുമായ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരെ യുഎഇ ഭരണകൂടം ഗോള്‍ഡന്‍ വിസ നല്‍കി ആദരിച്ചു. ദുബായ് താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി.
ഇന്ത്യയിലും മറ്റും കാന്തപുരം നടത്തുന്ന സാമൂഹിക-ജീവകാരുണ്യ പ്രവര്‍ത്തനം മുന്‍നിര്‍ത്തിയാണ് ആദരം. യുഎഇയും ജാമിഅ മര്‍കസും തമ്മില്‍ നിലനില്‍ക്കുന്ന അന്താരാഷ്ട്ര ബന്ധം, വിദ്യാഭ്യാസ വിനിമയം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയും ആദരവിന് കാരണമായി.
വിവിധ മേഖലകളില്‍ കഴിവ് തെളിയിക്കുന്ന പ്രതിഭകള്‍ക്ക് യുഎഇ ഭരണകൂടം നല്‍കുന്നതാണ് പത്തുവര്‍ഷത്തെ ഗോള്‍ഡന്‍ വിസ. വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യയില്‍ നിന്ന് ഗോള്‍ഡന്‍ വിസ ലഭിക്കുന്ന ആദ്യ വ്യക്തിയാണ് കാന്തപുരം.
ഇന്ത്യയുടെ ഗ്രാന്‍ഡ് മുഫ്തി, ജാമിഅഃ മര്‍കസ് ചാന്‍സലര്‍, മികച്ച സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തകന്‍, അറബി ഉള്‍പ്പെടെ വിവിധ ഭാഷകളിലുള്ള പ്രഭാഷണ കഴിവ് എന്നീ നിലകളില്‍ അറബ് മേഖലയിലും അന്താരാഷ്ട്ര വേദികളിലും കാന്തപുരത്തിന് നിര്‍ണായക സ്വാധീനം ഉണ്ട്.
ഗോള്‍ഡന്‍ വിസ ലഭിച്ചതില്‍ യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് ആള്‍ നഹ്യാന്‍, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ആള്‍ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് ആള്‍ നഹ്യാന്‍ എന്നിവരോട് നന്ദിയും സന്തോഷവും പങ്കുവെച്ചു.