ദുബായ്:അബുദാബി ബിഗ് ടിക്കറ്റില്‍ ഒന്നാം സമ്മാനം തേടിയെത്തിയത് 40 അംഗ സംഘത്തെ. ഒന്നാം സമ്മാനം. ഖത്തറിലെ അല്‍ സുവൈദി ഗ്രൂപ്പിന്റെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന 40 ജീവനക്കാര്‍ ചേര്‍ന്നെടുത്ത ടക്കറ്റിനാണ് 20.3 കോടി രൂപ സമ്മാനമായി ലഭിച്ചത്. കൊല്ലം പരവൂര്‍ സ്വദേശിയായ നഹീല്‍ നിസാമുദ്ദീന്റെ പേരിലാണ് ടിക്കറ്റെടുത്തത്.
നഹീല്‍ നിസാമുദ്ദീനടക്കം ടിക്കറ്റില്‍ പങ്കാളികളായ 40 പേരില്‍ രണ്ടു പേര്‍ ബംഗ്ലാദേശ് സ്വദേശികളാണ്. ബാക്കിയെല്ലാം മലയാളികളാണ്. പതിവു തെറ്റിക്കാതെ, എല്ലാ മാസവും ശമ്പളത്തില്‍ നിന്നുള്ള ഒരു ചെറിയ തുക മാറ്റിവെച്ച് ഓരോരുത്തരുടെ പേരിലും ടിക്കറ്റെടുക്കല്‍ പതിവായിരുന്നു. ഇത്തവണ നഹീല്‍ നിസാമുദ്ദീന്റെ പേരിലെടുത്ത ടിക്കറ്റില്‍ ഭാഗ്യദേവത കനിയുകയായിരുന്നു. ഞായറാഴ്ചയായിരുന്നു നറുക്കെടുപ്പെങ്കിലും നിസാമുദ്ദീനെ ബന്ധപ്പെടാന്‍ അബുദാബി ബിഗ് ടിക്കറ്റ് അധികൃതര്‍ക്ക് സാധിച്ചിരുന്നില്ല.
നിസാമുദ്ദീന്‍ ഇന്ത്യയില്‍ വച്ച് ഉപയോഗിച്ചിരുന്ന മൊബൈല്‍ നമ്പറായിരുന്നു ടിക്കറ്റെടുക്കുമ്പോള്‍ നല്‍കിയിരുന്നത്. ഇത് പ്രവര്‍ത്തിച്ചിരുന്നില്ല. തുടര്‍ന്ന് ഇതിനോടൊപ്പം നല്‍കിയിരുന്ന നിസാമിന്റെ മാതാപിതാക്കളുടെ നമ്പറില്‍ ബന്ധപ്പെട്ടാണ് അധികൃതര്‍ ശുഭവാര്‍ത്ത അറിയിക്കുന്നത്.
‘തങ്ങളെ പറ്റിക്കുന്നതിനായി പല സുഹൃത്തുക്കളും ഇത്തരത്തില്‍ വിളിക്കാറുണ്ട്. ഇപ്പോഴും എനിക്ക് വിശ്വാസം വന്നിട്ടില്ല’ നിസാമുദ്ദീന്‍ പറയുന്നു. സാധാരണയായി തങ്ങള്‍ പത്ത് മുതല്‍ 15 പേര്‍ ചേര്‍ന്നാണ് ടിക്കറ്റെടുക്കാറുള്ളത്. എന്നാല്‍ ഫലമൊന്നും കിട്ടാതിരുന്നതോടെ കഴിഞ്ഞ രണ്ടു വര്‍ഷമായി സംഘം 40 ആക്കി ഉയര്‍ത്തുകയായിരുന്നുവെന്ന് നിസാമുദീനൊപ്പം ഒരേമുറിയില്‍ താമസിക്കുന്ന ഷിനോയ് പറഞ്ഞു.