കുവൈറ്റ് സിറ്റി; മൂന്നുവര്‍ഷത്തില്‍ കുറവ് തടവുശിക്ഷയ്ക്ക് വിധിച്ചവര്‍ക്ക് സ്വന്തം വീട്ടില്‍ ശിക്ഷ അനുഭവിക്കാനുള്ള അവസരമൊരുക്കി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. വീടുകളിലെത്തുന്നവരെ മുഴുവന്‍ സമയം നിരീക്ഷിക്കുന്നതിനായി ട്രാക്കിങ് ബ്രേസ്ലെറ്റുകള് ധരിപ്പിക്കും.
ആശുപത്രിയില്‍ പോകാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷന് റൂമില്‍ വിളിച്ച് പ്രത്യേക അനുമതി തേടണം. ഇതിനിടെ, ട്രാക്കിങ് ബ്രേസ്ലെറ്റ് ഊരിമാറ്റാനോ നശിപ്പിക്കാനോ ശ്രമിക്കരുത്. ഇങ്ങനെ ചെയ്താല്‍ വേറെ കേസ് ചുമത്തി വീണ്ടും ജയിലിലേക്ക് മാറ്റുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.
തടവുകാരന് താമസസ്ഥലത്തിന്റെ പരിധി വിട്ട് പുറത്ത് കടക്കരുത്. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യരുത്. താമസസ്ഥലത്തും അതിന് പരിസരത്തും ട്രാക്കിങ് ബ്രേസ്ലെറ്റിന്റെ പ്രവര്‍ത്തനത്തിന് തടസ്സമാകുന്ന ജാമറുകള്‍ ഉണ്ടാകാന്‍ പാടില്ല.
ആര്‍ക്കുവേണമെങ്കിലും തടവുകാരെ വീട്ടില്‍ സന്ദര്‍ശിക്കാനും അവസരം നല്‍കുന്നുണ്ട്. മാനുഷിക പരിഗണന വെച്ചും തടവുകാരെ നല്ല ജീവിതത്തിലേക്ക് മടങ്ങിവരാന്‍ പ്രേരിപ്പിക്കുന്നതിനും വേണ്ടിയാണ് കുവൈറ്റ് ആഭ്യന്തരമന്ത്രാലയം പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഇതിനായി തടവുകാര്‍ ജയില്‍ അധികാരികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. ഇതിനൊപ്പം വീട്ടുകാരുടെ അനുമതിയും വേണം.
Discussion about this post