ദുബായ്: മലയാളത്തിന്റെ താരരാജാക്കന്മാരായ മമ്മൂട്ടിക്കും മോഹന്‍ലാലിനും യുവതാരം ടൊവിനോ തോമസിനും യുഎഇയുടെ ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു.
ഇപ്പോഴിതാ നടി നൈല ഉഷയ്ക്കും നടനും അവതാരകനുമായ മിഥുന്‍ രമേശിനും
യുഎഇയുടെ ഗോള്‍ഡന്‍ വിസ ലഭിച്ചിരിക്കുകയാണ്. ഇരുവരും തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ഗോള്‍ഡന്‍ വിസ ലഭിച്ച കാര്യം അറിയിച്ചത്.
യുഎഇയില്‍ വര്‍ഷങ്ങളായി സ്ഥിരതാമസക്കാരാണ് നൈലയും മിഥുനും. യുഎഇയിലെ ഏറ്റവും വലിയ മീഡിയയായ എആര്‍ എനില്‍ റേഡിയോ ജോക്കിയാണ് മിഥുന്‍ രമേശ്. പതിനേഴ് വര്‍ഷമായി യുഎഇയില്‍ എആര്‍എനിന്റെ ഭാഗമാണെന്നും ഇത്രയും വര്‍ഷം സുന്ദരമായ ഈ രാജ്യത്ത് താനുണ്ടെന്നും മിഥുന്‍ രമേശ് ഗോള്‍ഡന്‍ വിസ ലഭിച്ച ഫോട്ടോ പങ്കുവെച്ച് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
നടി നൈല ഉഷയും യുഎഇയിലെ എആര്‍എന്‍ കമ്പനിക്ക് കീഴിലെ എആര്‍എന്‍ ഹിറ്റ് 96.7 എഫ്എമ്മില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ്. ഈ അത്ഭുതകരമായ രാജ്യത്ത് നിന്നും ഗോള്‍ഡന്‍ വിസ ലഭിച്ചതിലൂടെ താന്‍ ആദരിക്കപ്പെട്ടതായി നൈല ഉഷ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
രണ്ടു വര്‍ഷം കൂടുമ്പോള്‍ പുതുക്കാവുന്ന എംപ്ലോയ്മെന്റ് വിസയ്ക്കു പകരം 10 വര്‍ഷത്തേക്കുള്ള വിസ തന്നെ അനുവദിക്കുന്ന ഗോള്‍ഡന്‍ വിസ പദ്ധതി 2018ലാണ് യുഎഇ സര്‍ക്കാര്‍ ആരംഭിച്ചത്.
നേരത്തേ മുന്‍നിര ബിസിനസ് പ്രമുഖര്‍ക്കും വിദഗ്ധര്‍ക്കും പ്രഖ്യാപിച്ച പത്തുവര്‍ഷത്തെ ഗോള്‍ഡന്‍ വിസയാണ് യുഎഇ കൂടുതല്‍ രംഗങ്ങളിലേക്ക് വ്യാപിപ്പിച്ചത്. മലയാള സിനിമാ രംഗത്ത് നിന്നുള്ള വ്യക്തികള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കുന്നത് ഇതാദ്യമാണ്.
മലയാള സിനിമയില്‍ നിന്ന് മമ്മൂട്ടിക്കും മോഹന്‍ലാലിനുമാണ് ആദ്യമായി ഗോള്‍ഡന്‍ വിസ ലഭിക്കുന്നത്. നേരത്തെ ഷാരൂഖ് ഖാന്‍, സഞ്ജയ് ദത്ത് തുടങ്ങിയ ബോളിവുഡ് താരങ്ങള്‍ക്കും സാനിയ മിര്‍സ ഉള്‍പ്പെടെയുള്ള കായിക താരങ്ങള്‍ക്കും ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്