കുവൈത്ത് സിറ്റി: പള്ളിയില്‍ ഷോര്‍ട്‌സ് ധരിച്ച് ബാങ്ക് വിളിച്ച മുഅദിന് (ബാങ്ക് വിളിക്കുന്ന ജീവനക്കാരന്‍) താക്കീത് നല്‍കി അധികൃതര്‍. കുവൈത്തിലെ അല്‍ രിഹാബ് ഏരിയയിലെ ഒരു ജുമാ മസ്ജിദില്‍ ഷോര്‍ട്‌സ് ധരിച്ചയാള്‍ ബാങ്ക് വിളിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
സംഭവം ശ്രദ്ധയില്‍പ്പെട്ട ഔഖാഫ്കാര്യ മന്ത്രാലയം മുഅദിന് താത്കാലിക വിലക്കേര്‍പ്പെടുത്തുകയും അന്വേഷണത്തിന് വേണ്ടി വിളിച്ചുവരുത്തുകയുമായിരുന്നു.
മഗ്‌രിബ് നമസ്‌കാരത്തിനായുള്ള ബാങ്കാണ് മുഅദിന്‍ ഷോര്‍ട്‌സ് ധരിച്ചുകൊണ്ട് വിളിച്ചത്. തന്റെ വസ്ത്രധാരണത്തില്‍ പിഴവ് സംഭവിച്ചതായി അറിയിച്ച മുഅദിന്‍ അതില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
പള്ളിയിലെ ലൈബ്രറി വൃത്തിയാക്കിക്കൊണ്ടിരിക്കുന്നതിനിടെ ബാങ്കിന്റെ സമയം ആയപ്പോള്‍ വസ്ത്രം മാറ്റുന്നതിന് മുമ്പ് താന്‍ ബാങ്ക് വിളിക്കുകയായിരുന്നുവെന്നാണ് അദ്ദേഹം വിശദീകരിച്ചത്. വിശദീകരണം കേട്ടതോടെയാണ് മറ്റ് നടപടികള്‍ ഒഴിവാക്കി അദ്ദേഹത്തിന് താക്കീത് നല്‍കി നടപടികള്‍ അവസാനിപ്പിച്ചത്.