കുവൈത്ത് സിറ്റി: ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിക്കുന്നു. ഈമാസം 22 മുതൽ കുവൈത്ത് അംഗീകരിച്ച വാക്സിൻ സ്വീകരിച്ചവർക്ക് രാജ്യത്തേക്ക് മടങ്ങാൻ കഴിയും. ഒന്നരവർഷത്തോളമായി കുവൈത്തിലേക്ക് മടങ്ങാനാകാതെ കുടുങ്ങിയ മലയാളികളടക്കം ഇന്ത്യക്കാർക്ക് പുതിയ തീരുമാനം ഏറെ ആശ്വാസമാകും.കൊവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞവർഷം മാർച്ച് മുതലാണ് കുവൈത്തിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് ഇന്ത്യക്കാർക്ക് വിലക്കേർപ്പെടുത്തിയത്.
പ്രത്യേക മന്ത്രിസഭായോഗമാണ് ഈ മാസം 22 മുതൽ ഇന്ത്യയിൽ നിന്നുള്ള യാത്രകാർക്ക് കുവൈത്തിലേക്ക് നേരിട്ട് പ്രവേശിക്കാൻ അനുമതി നൽകിയത്. കുവൈത്ത് അംഗീകൃത വാക്സീൻ സ്വീകരിച്ച താമസവീസക്കാർക്കുമാത്രമായിരിക്കും ആദ്യഘട്ടത്തിൽ പ്രവേശനാനുമതി. ഫൈസർ, ഓക്സ്ഫഡ് അസ്ട്രാസെനക , മൊഡേണ, ജോൺസൻ ആൻഡ് ജോൺസൻ എന്നീ വാക്സീനുകളാണ് കുവൈത്ത് അംഗീകരിച്ചിട്ടുള്ളത്. കൊവിഷീൽഡ് സ്വീകരിച്ചവർക്കും പ്രവേശനാനുമതിയുണ്ട്. അതേസമയം സിനോഫാം, സ്പുട്നിക് ഉൾപ്പെടെ അംഗീകരിച്ചിട്ടില്ലാത്ത വാക്സീൻ സ്വീകരിച്ചവർ മൂന്നാമത്തെ ഡോസായി കുവൈത്ത് അംഗീകൃത വാക്സീൻ സ്വീകരിച്ചിരിക്കണം.
കുവൈത്തിൽ നിന്ന് വാക്സിൻ സ്വീകരിച്ചവർ വിമാനത്താവളത്തിലെത്തുമ്പോൾ അക്കാര്യം ഇമ്യൂൺ, കുവൈത്ത് മൊബൈൽ ഐഡി എന്നീ മൊബൈൽ ആപ്പുകളിലായി കാണിക്കണം. കുവൈത്തിന് പുറത്തുനിന്ന് വാക്സിൻ സ്വീകരിച്ചവർ വാക്സിൻ സർട്ടിഫിക്കറ്റ് അടക്കമുള്ള രേഖകൾ നൽകി കുവൈത്ത് ആരോഗ്യമന്ത്രാലയം വഴി അനുമതി നേടണം. യാത്രപുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിൽ ലഭിച്ച ആർ ടി പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമാണ്. കുവൈത്തിലെത്തിയശേഷം ഏഴുദിവസം ക്വാറൻറീനിൽ കഴിയണം.ഇന്ത്യക്ക് പുറമേ പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ, ഈജിപ്ത് എന്നീ രാജ്യങ്ങളിൽ നിന്നും കുവൈത്തിലേക്ക് നേരിട്ട് പ്രവേശിക്കാൻ മന്ത്രിസഭയോഗം അനുമതി നൽകിയിട്ടുണ്ട്.
Discussion about this post