അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഇത്തവണയും ഭാഗ്യം മലയാളിക്കൊപ്പം. ആ ഭാഗ്യവാന് മലയാളത്തിന്റെ ഹാസ്യതാരം ഹരിശ്രീ അശോകന്റെ മരുമകന് സനൂപ് സുനിലും. 30 കോടി രൂപയോളമാണ് ബിഗ് ടിക്കറ്റിലൂടെ സനൂപിന് കൈവന്നത്. 8 എന്ന അക്കം ആവര്‍ത്തിക്കുന്ന ഇന്ത്യന്‍ നമ്പര്‍ നല്കിയതുകൊണ്ട് സനൂപ് സുനിലിനെ ബന്ധപ്പെടാന്‍ ബിഗ് ടിക്കറ്റ് അധികൃതര്‍ക്ക് ഇത്തിരി പാടുപെടേണ്ടിയും വന്നു.
ഇന്നലെയാണ് ബിഗ് ടിക്കറ്റിന്റെ 230ാം സീരീസ് നറുക്കെടുപ്പില്‍ ദോഹയില്‍ ലുലു ഗ്രൂപ്പില്‍ ജോലി ചെയ്യുന്ന എറണാകുളം വൈറ്റില സ്വദേശി സനൂപ് സുനിലും 19 സഹപ്രവര്‍ത്തകരും സമ്മാനം നേടിയത്. ജൂലൈ 13ന് ഓണ്‍ലൈനിലൂടെ എടുത്ത 183947 നമ്പര്‍ ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. സമ്മാനം നേടിയവരെ വിളിച്ച് ബിഗ് ടിക്കറ്റ് സംഘാടക പ്രതിനിധി റിചാര്‍ഡ് സര്‍പ്രൈസ് നല്‍കാറാണ് പതിവ്. സനൂപിനെ പലപ്രാവശ്യം വിളിച്ചെങ്കിലും ഫോണ്‍ കണക്ട് ആയിരുന്നില്ല.
കഴിഞ്ഞ 7 വര്‍ഷമായി ദോഹയിലെ ലുലുവില്‍ ബയറായ സനൂപ് കഴിഞ്ഞ സെപ്റ്റംബറില്‍ ജോലി മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങിയതാണ്. പക്ഷേ, ലുലു അധികൃതര്‍ വീണ്ടും ആവശ്യപ്പെട്ടപ്പോള്‍ തിരിച്ചുചെന്ന് ജോലിയില്‍ പ്രവേശിച്ചു. സഹപ്രവര്‍ത്തകരില്‍ ചിലരാണ് ബിഗ് ടിക്കറ്റില്‍ ഭാഗ്യം പരീക്ഷിക്കാന്‍ നിര്‍ബന്ധിച്ചത്. അതിനു വഴങ്ങുകയും തന്റെ പേരില്‍ തന്നെ ഓണ്‍ലൈനിലൂടെ സനൂപ് ടിക്കറ്റ് വാങ്ങുകയുമായിരുന്നു.
ചലച്ചിത്ര നടന് ഹരിശ്രീ അശോകന്റെ മകളാണ് ശ്രീക്കുട്ടി. ഏക മകന് ദേവദത്തിന് മൂന്നു വയസ്സ്. ഇന്നലെ തന്നെ നടന്ന മറ്റു നറുക്കെടുപ്പുകളില്‍ മലയാളിയായ ജോണ്സണ് കുഞ്ഞുകുഞ്ഞുവിന് 10 ലക്ഷം ദിര്‍ഹവും ഇന്ത്യക്കാരനായ റെനാള്‍ഡ് ഡാനിയേലിന് 1,00000 ദിര്‍ഹവും സമ്മാനം ലഭിച്ചു.
സനൂപിന്റെ വാക്കുകള്‍;
ആദ്യമായിട്ടാണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുക്കുന്നത്. നാട്ടില്‍ ചെല്ലുമ്പോള്‍ ലോട്ടറി ടിക്കറ്റുമായി വരുന്നവരുടെ ദയനീയത കണ്ട് ടിക്കറ്റ് എടുക്കുമായിരുന്നു. പക്ഷേ, ഇതുവരെ സമ്മാനമൊന്നും ലഭിച്ചിട്ടില്ല. പലപ്പോഴും ടിക്കറ്റെടുത്ത കാര്യം മറന്നു പോകാറുമുണ്ടായിരുന്നു. ഭാര്യയുടെ പ്രത്യേക നമ്പര്‍ ഭാഗ്യം കൊണ്ടുവരുമെന്ന് മനസ്സ് പറഞ്ഞിരുന്നു. എന്നേക്കാളേറെ ഭാര്യ ശ്രീക്കുട്ടിക്കായിരുന്നു വിശ്വാസം. അതുതന്നെ സംഭവിച്ചു. ഇന്നലെ വൈകിട്ട് ഓഫിസില്‍ നിന്നു സഹപ്രവര്‍ത്തകനോടൊപ്പം കാറില്‍ വീട്ടിലേയ്ക്ക് മടങ്ങുമ്പോഴായിരുന്നു നറുക്കെടുപ്പ്.
അതു തത്സമയം കണ്ടപ്പോള്‍ രണ്ടാം സമ്മാനമായ കുഞ്ഞൂഞ്ഞിന്റെ പേര് പറയുന്നതാണ് കേട്ടത്. അതോടെ അതാണ് ഒന്നാം സമ്മാനമെന്നും കരുതി. പിന്നീടാണ് ഞങ്ങള്‍ക്കാണ് 15 ദശലക്ഷം ദിര്‍ഹം സമ്മാനം എന്നു തിരിച്ചറിഞ്ഞത്. എല്ലാവര്ക്കും വലിയ സന്തോഷം തോന്നി. അതിന് ശേഷമാണ് ഭാര്യയുടെ ഫോണിലേയ്ക്ക് ബിഗ് ടിക്കറ്റുകാര്‍ വിളിച്ചിരിക്കാമെന്ന് ഓര്‍ത്ത് ഫോണ്‍ സ്വിച്ച് ഓണ്‍ ചെയ്തത്. ഉടന്‍ തന്നെ വിളി എത്തുകയും ചെയ്തു. തുക തുല്യമായി പങ്കിടാനാണ് തീരുമാനം. മറ്റു കാര്യങ്ങളൊന്നും ആലോചിച്ചിട്ടില്ല.
Discussion about this post