റിയാദ്: റിയാദില്‍ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ഹൈദരാബാദ് സ്വദേശിയാണ് മരിച്ചത്. അല്‍ഖര്‍ജ് റോഡില്‍ ന്യൂസനാഇയ്യക്ക് സമീപം നടന്ന വാഹനാപകടത്തില്‍ റിയാദിലെ അല്‍ഫനാര്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന ആന്ധ്രപ്രദേശ് ഗുണ്ട്പാലി സ്വദേശി ജലീല്‍ മുഹമ്മദ് ആണ് മരിച്ചത്.
മുപ്പത്തിയാറ് വയസ്സായിരുന്നു. വ്യാഴാഴ്ച രാത്രിയിലായിരുന്നു അപകടം. നാട്ടിലുള്ള പിതാവിന് അസുഖമായതിനെ തുടര്‍ന്ന് പിതാവിനെ കാണാന്‍ അടിയന്തരമായി കമ്പനിയില്‍ പറഞ്ഞ് ഞായറാഴ്ച നാട്ടില്‍ പോകാന്‍ പി.സി.ആര്‍ ടെസ്റ്റ് നടത്തി വിമാന ടിക്കറ്റുമെടുത്ത് ബത്ഹയില്‍നിന്ന് അല്‍ഖര്‍ജിലേക്ക് പോകുന്നതിനിടയിലാണ് വാഹനാപകടത്തില്‍ പെട്ടത്.
താന്‍ റൂമിലേക്ക് വരുകയാണെന്ന് ഒപ്പം താമസിക്കുന്നവരെ ഫോണില്‍ വിളിച്ച് അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിറ്റേന്നായിട്ടും റൂമില്‍ എത്താഞ്ഞതിനെ തുടര്‍ന്ന് കമ്പനി പ്രതിനിധി ഹാരിസ് കുറുവ, റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെല്‍ഫെയര്‍ വിങ്ങിനെ അറിയിക്കുകയും ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍ നടത്തിയ തിരച്ചിലിനൊടുവില്‍ മയ്യിത്ത് റിയാദ് ശുമൈസി ആശുപത്രിയില്‍ കണ്ടെത്തുകയുമായിരുന്നു.
പിതാവ്: ജീലാനി, മാതാവ്: റഹിമ ബീഗം, ഭാര്യ: ഫര്‍സാന.