വയലാ: പ്രണയിച്ച് വിവാഹം ചെയ്ത ഷിൻസിയും ബിജോയും നാലരമാസം നീണ്ട ദാമ്പത്യത്തിൽ ഒരുമിച്ച് കഴിഞ്ഞത് വെറും 15 ദിവസം മാത്രം. വിവാഹം കഴിഞ്ഞ് 15 ദിവസം കഴിഞ്ഞ് അവരവരുടെ ജോലി സ്ഥലങ്ങളിലേക്ക് മടങ്ങിയ ഇവർ ഒരേസ്ഥലത്ത് ജോലി ഉറപ്പിച്ച സന്തോഷത്തിലിരിക്കുമ്പോഴാണ് ഷിൻസിയെ വിധി തട്ടിയെടുത്തത്. സൗദി അറേബ്യയിലെ മരുഭൂമി സന്ദർശിക്കാനുള്ള യാത്രയ്ക്കിടയിലുണ്ടായ അപകടത്തിലാണ് നഴ്‌സായ ഷിൻസി ഫിലിപ്പിന്റെ ജീവൻ നഷ്ടമായത്. അപകടത്തിൽ ഷിൻസിയും മറ്റൊരു മലയാളി നഴ്‌സും മരണപ്പെട്ടു. മരിച്ച മറ്റൊരു നഴ്‌സ് തിരുവനന്തപുരം സ്വദേശി അശ്വതിയാണ്. കാറിലുണ്ടായിരുന്ന മറ്റ് മൂന്നുപേർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഒരാൾ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിലാണ്. നർജാനിലാണ് അപകടമുണ്ടായത്.
വയലാ സ്വദേശിയായ ഇടശേരിതടത്തിൽ ഷിൻസി ഫിലിപ്പിന്റെ (28) വിവാഹം ജനുവരി 24ന് ആയിരുന്നു. ഭർത്താവ് ചിങ്ങവനം കുഴിമറ്റം പച്ചിറതോപ്പിൽ ബിജോയും നഴ്‌സാണ്. വിവാഹം കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടതോടെ അടുത്തടുത്ത ദിവസങ്ങളിലായി ഇരുവരും ജോലിസ്ഥലത്തേക്ക് മടങ്ങി. സൗദിയിൽ നിന്ന് ബഹ്‌റൈനിലേക്ക് പോകാനായിരുന്നു ഷിൻസിയുടെ ശ്രമം. ഇതിന് വിസ ലഭിക്കുകയും ചെയ്തിരുന്നു. മേയ് 25, 29 എന്നീ തീയതികളിൽ സൗദിയിൽ എത്താൻ വിസയും ലഭിച്ചിരുന്നു. എന്നാൽ ഈ രണ്ട് ദിവസങ്ങളിലും ഷിൻസി ജോലി രാജിവെച്ച് പോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായിരുന്നില്ല. അതുകൊണ്ട് 10ാം തീയതിക്ക് വീണ്ടും വിസ ലഭിക്കുമെന്ന പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് അപകടമുണ്ടായത്. ഒരുക്കങ്ങൾ പൂർത്തിയാക്കി ഷിൻസിയെ സ്വീകരിക്കാനുള്ള സന്തോഷത്തിലിരുന്ന ബിജോയെ തേടിയെത്തിയത് ഷിൻസിയുടെ വിയോഗ വാർത്ത. എന്നും വയലായിലെ വീട്ടിലേക്ക് ഷിൻസി വിളിച്ചിരുന്നു. വെള്ളിയാഴ്ച മരുഭൂമി സന്ദർശിക്കാൻ പോകും മുമ്പും വീട്ടുകാരെ വിളിച്ചിരുന്നു.
നഴ്‌സിങ് പഠനം കഴിഞ്ഞ് മുംബൈയിൽ നഴ്‌സായി ജോലിനോക്കിയിരുന്നു ഷിൻസി. രണ്ട് വർഷം മുമ്പാണ് സൗദിയിലെത്തിയത്. ബിജോ ബഹ്‌റൈൻ ഗവ. സർവീസിൽ നഴ്‌സാണ്. ഷിൻസിക്കും ബഹ്‌റൈനിൽ ഗവ. സർവീസിലാണ് നഴ്‌സിങ് വിസ ലഭിച്ചത്.
ഷിൻസിയുടെ അച്ഛൻ: ഫിലിപ്പ് (സണ്ണി), അമ്മ: ലീലാമ്മ, സഹോദരങ്ങൾ: ഷൈമ, ടോണി (പ്ലസ്‌വൺ).