ജോലി തേടി ലണ്ടനിലെത്തി, പത്താംനാൾ തൊട്ട് ലോക്ക്ഡൗൺ, പട്ടിണിയിലായ പാവപ്പെട്ടവർക്ക് കൈത്താങ്ങായി ഈ മലയാളി; അത്താഴത്തിന് ക്ഷണിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി

prabhu_natarajan

പാലക്കാട്: ദരിദ്രമായ കുട്ടിക്കാലമായിരുന്നെങ്കിലും പഠനത്തിൽ മിടുക്കനായതിനാൽ പഠിച്ച് മെഡിക്കൽ ട്രാൻസ്‌ക്രിപ്ഷൻ ജോലി നേടിയ പ്രഭു പിന്നീട് ലണ്ടനിലേക്ക് ചേക്കേറിയതാണ് തലവര തന്നെ മാറ്റി മറിച്ചത്. സമ്പന്നരാജ്യമായ ബ്രിട്ടണിലും കോവിഡ് ലോക്ക്ഡൗൺ കാലം പട്ടിണിയുടേതായിരുന്നു പലർക്കും. ഇത്തരത്തിൽ ഒരു നേരത്തെ ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്നവർക്കും സന്തോഷം നഷ്ടപ്പെട്ട കുട്ടികൾക്കും സഹായമെത്തിക്കൽ ആയിരുന്നു പ്രഭു എന്ന പാലക്കാട്ടുകാരനായ ഈ 34കാരന്റെ നിയോഗം.

വർഷം മാർച്ച് ആദ്യമാണ് പ്രഭു നടരാജൻ എന്ന മലയാളി മെച്ചപ്പെട്ട ജോലിയെന്ന സ്വപ്‌നവുമായി ഇംഗ്ലണ്ടിലേക്ക് ചേക്കേറിയത്. അവിടെയെത്തി പത്താംനാൾ ലോക് ഡൗൺ ആരംഭിച്ചു. ജോലിപ്രതീക്ഷ അസ്തമിച്ചെങ്കിലും ആ ലോക്ഡൗൺ പ്രഭുവിന്റെ ജീവിതം ആകെ മാറ്റിമറിച്ചു. കോവിഡ്കാലത്ത് ജനങ്ങളെ സേവിച്ച് ലണ്ടനിലെ താരമാണ് ഇന്ന് അദ്ദേഹം. നേടിയത് നാല് പുരസ്‌കാരങ്ങളാണ്. ഒപ്പം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനോടൊപ്പം അത്താഴവിരുന്നിനുള്ള ക്ഷണവും.

ഓക്‌സ്‌ഫോർഡ് മെയിൽ എന്ന മാധ്യമസ്ഥാപനം നടത്തിയ മാൻ ഓഫ് ദ ഇയർ എന്ന നോമിനേഷൻ പരിപാടിയിൽ ഒന്നാമതെത്തിയതാണ് പ്രഭുവിനെ രാജ്യം തന്നെ അറിയുന്ന വ്യക്തിയാക്കി മാറ്റിയത്. ബ്രിട്ടന്റെ ചരിത്രത്തിൽ 1,636 പേർക്ക് മാത്രം കിട്ടിയിട്ടുള്ള പോയന്റ് ഓഫ് ലൈറ്റ് അവാർഡും തുടർന്ന് തേടിയെത്തി. പ്രഭുവിന്റെ സേവനങ്ങളെ പ്രശംസിച്ച് വിക്ടോറിയ പ്രെന്റിസ് എംപിയുടെ കത്ത് കിട്ടിയതിന് പിന്നാലെയാണ് അത്താഴവിരുന്നിനുള്ള പ്രധാനമന്ത്രിയുടെ ക്ഷണമെത്തിയത്.

ബ്രിട്ടനിലെത്തി ലോക്ഡൗണിൽ കുടുങ്ങിയ പ്രഭുവിന്റെ ജീവിതത്തിൽ വഴിത്തിരിവായത് നവംബർ 14 എന്ന തീയതിയായിരുന്നു. അന്നായിരുന്നു ഏഴാം വിവാഹവാർഷികം. കൂട്ടുകാരായി ആരുമില്ലെങ്കിലും 15 പായ്ക്കറ്റ് ഭക്ഷണം പ്രഭു വാങ്ങി. കോവിഡ് കാലത്ത് ബുദ്ധിമുട്ടുന്ന ആർക്കെങ്കിലും നൽകാനായിരുന്നു പദ്ധതി. ആവശ്യക്കാരുണ്ടെങ്കിൽ ഭക്ഷണം നൽകാമെന്ന് കാണിച്ച് സാമൂഹിക മാധ്യമത്തിൽ പോസ്റ്റുമിട്ടു. ഒന്നര മണിക്കൂറിലെത്തി നൂറു പേരുടെ വിളികൾ. ഇതോടെയാണ് ഭക്ഷണത്തിനായി കാത്തിരിക്കുന്നവരുണ്ടെന്ന് പ്രഭു തിരിച്ചറിഞ്ഞത്. ഇതോടെ കോവിഡ്കാല സേവനത്തിന് തുടക്കമായി.

ഭക്ഷണവും ഭക്ഷ്യവസ്തുക്കളും മറ്റ് സേവനങ്ങളും ആവശ്യമുള്ള നിരവധിപേരുണ്ടെന്ന് മനസ്സിലാക്കിയതോടെ അത് സംഘടിപ്പിക്കാനിറങ്ങി. സാന്റാക്ലോസിന്റെയും സൂപ്പർമാന്റെയും ഉൾപ്പെടെ വിവിധ വേഷങ്ങളിട്ട് തെരുവിലിറങ്ങി. പ്രഭുവിന്റെ ലക്ഷ്യമറിഞ്ഞ് നിരവധിപേർ സഹായവുമായെത്തി. 2020ന്റെ അവസാനത്തിൽ മാത്രം 11,000 ഭക്ഷ്യ വസ്തു പായ്ക്കറ്റുകൾ പ്രഭു നൽകിയിട്ടുണ്ട്. കുട്ടികൾക്ക് കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും ചോക്ലേറ്റുകളും നൽകാറുണ്ട്. സേവനം ഇപ്പോഴും തുടരുന്നു.

ഓക്‌സ്‌ഫോർഡിനടുത്ത് ബാൻബറിയിലാണ് താമസം. അവിടെ വൃദ്ധസദനത്തിൽ കെയർടേക്കറാണ് പ്രഭു. ഭാര്യ ശില്പ അവിടെ മാനേജരും. ഏക മകൻ അദ്വൈതിന് അഞ്ച് വയസ്സ്. പാലക്കാട് ഒലവക്കോട് പരേതനായ നടരാജന്റെയും വിജയലക്ഷ്മിയുടെയും മകനാണ് പ്രഭു. അച്ഛൻ ചെറുപ്പത്തിലേ മരിച്ചു. വീടുകൾതോറും കയറിയിറങ്ങി തുണി വിറ്റാണ് അമ്മ പ്രഭുവിനെ പഠിപ്പിച്ചത്. കോയമ്പത്തൂരിലായിരുന്നു പ്രഭു മെഡിക്കൽ ട്രാൻസ്‌ക്രിപ്ഷൻ ജോലി ചെയ്തിരുന്നത്.

Exit mobile version