80 ലക്ഷം രൂപ തട്ടിയെടുത്ത് കടന്നുകളയാന്‍ ശ്രമിച്ചു; കള്ളനെ കാല്‍വെച്ച് വീഴ്ത്തി, ദുബായിയില്‍ ശ്രദ്ധേയനായി വടകര സ്വദേശി ജാഫര്‍

Dubai knocks down | Bignewslive

ഷാര്‍ജ: പണം തട്ടിയെടുത്ത് കടന്നുകളയാന്‍ ശ്രമിച്ചയാളെ കാല്‍വെച്ച് വീഴ്ത്തി പിടികൂടി മലയാളി യുവാവ്. ദുബായ് ബെനിയാസ് സ്‌ക്വയര്‍ മാര്‍ക്കറ്റിലാണ് സംഭവം. ബാങ്കില്‍ നിക്ഷേപിക്കാനായി കൊണ്ടുപോകുന്ന നാലുലക്ഷം ദിര്‍ഹം (ഏകദേശം 80 ലക്ഷം രൂപ) തട്ടിയെടുത്ത് കടന്നുകളയാന്‍ ശ്രമിച്ച ഏഷ്യക്കാരനെയാണ് ഇടംകാല്‍വെച്ച് വീഴ്ത്തിയത്.

വടകര വള്ളിയോട് പാറപ്പുറത്ത് ജാഫര്‍ ആണ് സമയോചിത ഇടപെടലിലൂടെ കള്ളനെ പിടികൂടിയത്. റോഡില്‍ ആളുകള്‍ ബഹളംവെക്കുന്നതുകേട്ട് പുറത്തിറങ്ങി നോക്കുമ്പോള്‍ ഒരാള്‍ പൊതിയുമായി അതിവേഗത്തില്‍ ഓടിവരുകയായിരുന്നെന്ന് ജാഫര്‍ പറഞ്ഞു. ”ആദ്യം പിടിക്കാന്‍ ആലോചിച്ചെങ്കിലും തിരിച്ച് ആക്രമിക്കുമോയെന്ന് ഭയന്നാണ് കാല്‍വെച്ച് വീഴ്ത്തിയത്. വീഴുമ്പോഴേക്കും പിന്നാലെയെത്തിയ ആള്‍ക്കൂട്ടം യുവാവിനെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തി പോലീസില്‍ ഏല്‍പ്പിച്ചു”- ജാഫര്‍ കൂട്ടിച്ചേര്‍ത്തു.

സഹോദരന്റെ മാര്‍ക്കറ്റിലുള്ള ജ്യൂസ് കടയില്‍ സഹായിയായി നില്‍ക്കുകയായിരുന്നു ജാഫര്‍. കള്ളനെ കാല്‍വെച്ച് വീഴ്ത്തുന്നതിന്റെ നിരീക്ഷണ ക്യാമറാദൃശ്യം ഇതിനോടകം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞു. എന്നാല്‍ പണം തിരികെ ലഭിച്ച ഉടമ നന്ദിവാക്കുപോലും പറയാതെപോയതില്‍ ജാഫറിന് പരിഭവമുണ്ട്.

Exit mobile version