മുംബൈ: ഇന്ത്യക്കാരായ യുവദമ്പതികളെ യുഎസിലെ വസതിയിൽ മരിച്ചനിലയിൽ കണ്ടെത്തി. മഹാരാഷ്ട്ര സ്വദേശികളായ ബാലാജി ഭരത് രുദ്രാവർ(32), ഭാര്യ ആരതി(30) എന്നിവരെയാണ് ന്യൂജഴ്സിയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ നാലുവയസ്സുകാരിയായ മകൾ വീടിന്റെ ബാൽക്കണിയിൽ ഒറ്റയ്ക്ക് നിന്ന് കരയുന്നത് ശ്രദ്ധയിൽ പെട്ട അയൽവാസികളാണ് ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തിയത്. 2014 ഡിസംബറിൽ വിവാഹിതരായ ബാലാജിയും ആർതിയും 2015 ലാണ് ന്യൂജഴ്സിയിലേക്ക് പോയത്. ഐടി മേഖലയിൽ പ്രവർത്തിച്ചു വരികയായിരുന്നു ബാലാജി.
മഹാരാഷ്ട്ര ബീഡിലുള്ള ബാലാജിയുടെ കുടുംബം വ്യാഴാഴ്ചയാണ് വിവരമറിഞ്ഞത്. പോലീസ് അച്ഛൻ ഭരത് രുദ്രാവറിനെ വിളിച്ച് അറിയിക്കുകയായിരുന്നു. ഇരുവരുടേയും മരണകാരണം വ്യക്തമല്ലെന്ന് ഭരത് രുദ്രാവർ പറഞ്ഞു. മൃതദേഹ പരിശോധനയ്ക്ക് ശേഷം കൂടുതൽ വിവരമറിയിക്കാമെന്ന് യുഎസ് പോലീസ് അറിയിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.
ആരതി ഏഴ് മാസം ഗർഭിണിയായിരുന്നുവെന്നും പ്രസവസംബന്ധമായി തങ്ങൾ യുഎസിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെയാണ് ദാരുണവാർത്ത തേടിയെത്തിയതെന്നും ഭരത് രുദ്രാവർ പറഞ്ഞു.
മകന്റേത് സന്തുഷ്ട കുടുംബമായിരുന്നുവെന്നും അയൽവാസികളുമായി നല്ല ബന്ധത്തിലായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ ഇന്ത്യയിലെത്തിക്കുമെന്ന് യുഎസ് അധികൃതർ അറിയിച്ചിട്ടുണ്ടെന്ന് ഭരത് പറഞ്ഞു. ബാലാജിയ്ക്ക് ന്യൂജഴ്സിലെ ഇന്ത്യൻ സമൂഹത്തിൽ ധാരാളം സൗഹൃദങ്ങളുള്ളതായും മകന്റെ സുഹൃത്തിനൊപ്പമാണ് നാല് വയസുകാരി മകൾ ഇപ്പോഴുള്ളതെന്നും ഭരത് രുദ്രാവർ അറിയിച്ചു.
Discussion about this post