ദോഹ: റമദാനില്‍ ധൈര്യമായി കൊവിഡ് വാക്‌സിന്‍ എടുക്കാമെന്ന് ഖത്തര്‍ ഇസ്ലാമികമതകാര്യ മന്ത്രാലയം. കൊവിഡ് വാക്‌സിന്‍ എടുത്താല്‍ നോമ്പ് മുറിയില്ലെന്നും മന്ത്രാലയം അറിയിച്ചു.മാംസപേശിക്ക് അകത്താണ് വാക്‌സിന്‍ കുത്തിവൈപ്പടുക്കുന്നത്. ഇതു വയറില്‍ എത്തുകയില്ല. വെള്ളംകുടിക്കുന്നതു പോലെയോ ഭക്ഷണം കഴിക്കുന്നതു പോലെയോ മാംസപേശിക്കകത്ത് കുത്തിവെപ്പെടുക്കുന്നതിലൂടെ വയറിലേക്ക് ദ്രാവകം എത്തില്ല എന്ന് ഔഖാഫിന്റെ ശരീഅ കമ്മിറ്റി തലവനും സുപ്രീംകോടതി ഡെപ്യൂട്ടി ഹെഡുമായ ശൈഖ് ഡോ. തഖില്‍ ബിന്‍ സയര്‍ അല്‍ ശമ്മാരി ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കി.
തൊലിക്കുള്ളിലൂടെ മാംസപേശിയിലാണ് കുത്തിവെപ്പെടുക്കുന്നത്. വ്രതംഅനുഷ്ഠിക്കുന്ന സമയത്തുതെന്ന കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നത് നോമ്പിനെ പ്രതികൂലമായി ബാധിക്കില്ലെന്നും ഔഖാഫ് മന്ത്രാലയത്തിന്റെ ഫത്വ കമ്മിറ്റി അറിയിച്ചു.
നോമ്പിനിടയില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചാല്‍ വ്രതം മുറിയോ എന്ന ആശങ്കയിലായിരുന്നു ജനങ്ങള്‍. ഈ സാഹചര്യത്തിലാണ് വിഷയത്തില്‍ വ്യക്തത വരുത്തി മന്ത്രാലയം രംഗത്ത് വന്നത്. കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിലൂടെ നോമ്പ് മുറിയില്ലെന്ന് വിവിധ അറബ് രാജ്യങ്ങളിലെ പണ്ഡിതന്മാരും അധികൃതരും ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.
ഏപ്രില്‍ മധ്യത്തോടെയായിരിക്കും ഈ വര്‍ഷത്തെ റമദാന്‍ ആരംഭിക്കുക. അതേസമയം ഖത്തറില്‍ കൊവിഡ് വാക്‌സിന്‍ കുത്തിവെപ്പ് കാമ്പയിന്‍ പുരോഗമിക്കുകയുമാണ്.
Discussion about this post