മാസങ്ങളോളം ജോലി ചെയ്തിട്ടും ശമ്പളം നൽകിയില്ല; പരാതിപ്പെട്ടപ്പോൾ പ്രതികാരവും വ്യാജ കേസും; ഒടുവിൽ സുമനസുകളുടെ നന്മയിൽ നാടണഞ്ഞ് പ്രവാസി യുവാവ്

റിയാദ്: മാസങ്ങളോളം ചെയ്ത ജോലിക്ക് ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് പരാതിപ്പെട്ടതിന് പ്രതികാര നടപടികൾക്ക് ഇരയായ യുവാവിനെ ഒടുവിൽ സുമനസുകളുടെ സഹായത്തോടെ നാട്ടിലെത്തിച്ചു. ശമ്പളം നൽകാത്തതിനെ തുടർന്ന് റിയാദിലെ സ്വകാര്യ കമ്പനിക്കെതിരെ കേസിന് പോകേണ്ടി വന്ന പന്തളം സ്വദേശി സന്ദീപിനെയാണ് കേളി കലാ സാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗത്തിലെ സുമനസുകളുടെ ഇടപെടലിൽ നാട്ടിലെത്തിച്ചത്.

13 മാസം മുമ്പ് റിയാദിലെ അൽ മുഹ്‌നീം എന്ന സ്ഥലത്തുള്ള ഒരു ഹോളോ ബ്രിക്‌സ് കമ്പനിയിൽ ജോലിക്കെത്തിയ സന്ദീപ് പിന്നീട് ശമ്പളമൊന്നും ലഭിക്കാതെ ദുരിതത്തിലാവുകയായിരുന്നു. മാസങ്ങളോളം ജോലി ചെയ്തിട്ടും ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് കമ്പനിക്കെതിരെ ലേബർ കോടതിയിൽ സന്ദീപ് പരാതി നൽകി. എന്നാൽ കമ്പനി സന്ദീപിനെതിരെ പ്രതികാര നടപടി സ്വാകരിക്കുകയാണ് ചെയ്തത്.

സ്‌പോൺസറുടെ കീഴിൽ നിന്ന് സന്ദീപ് ഒളിച്ചോടിയെന്ന കള്ളക്കേസ് സൗദി പാസ്‌പോർട്ട് വിഭാഗത്തിന് നൽകി (ഹുറൂബ്) യുവാവിനെ കമ്പനി നിയമക്കുരുക്കിലാക്കി. പിന്നീട് ജോലിയോ ശമ്പളമോ ലഭിക്കാത്തതിനെ തുടർന്ന് ഭക്ഷണം കഴിക്കാൻ നിവൃത്തിയില്ലാതെ വന്ന യുവാവ് കേളി ജീവകാരുണ്യ വിഭാഗം പ്രവർത്തകരെ സഹായത്തിനായി സമീപിക്കുകയായിരുന്നു.

തുടർന്ന് കേളി ജീവകാരുണ്യ വിഭാഗം പ്രവർത്തകരുടെ ഇടപെടലിൽ എംബസി വഴി എക്‌സിറ്റ് വിസ അടിക്കുകയും കേളി ബത്ഹ യൂണിറ്റ് അംഗമായ അമാനുള്ള സ്‌പോൺസർ ചെയ്ത ടിക്കറ്റിൽ സന്ദീപ് സുരക്ഷിതനായി നാട്ടിലേക്ക് തിരിക്കുകയും ചെയ്തു.

Exit mobile version