റിയാദ്: ഹജ്ജ് ചെയ്യാനെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കും. സൗദി ആരോഗ്യ മന്ത്രി തൗഫീഖ് അല്‍ റബീഅ ആണ് ഇക്കാര്യം അറിയിച്ചത്. ഹജ്ജ് സീസണ്‍ മുന്നോടിയായി മക്കയിലും മദീനയിലും ആരോഗ്യ രംഗത്ത് ആവശ്യമായ ജീവനക്കാരെ അധികൃതര്‍ സജ്ജമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം രാജ്യത്തിന് പുറത്തുനിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ഇത്തവണ ഹജ്ജിന് അവസരമുണ്ടാകുമോയെന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ജൂലൈ അവസാനത്തിലായിരിക്കും ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ നടക്കുന്നത്. തീര്‍ത്ഥാടകരുടെ എണ്ണം കര്‍ശനമായി നിയന്ത്രിച്ചായിരുന്നു കഴിഞ്ഞ വര്‍ഷം ഹജ്ജ് നടന്നത്.
അതേസമയം സൗദി അറേബ്യയില്‍ ഇന്ന് പുതുതായി 302 പേര്‍ക്കാണ് കൊവിഡ് രോഗ ബാധ സ്ഥിരീകരിച്ചത്. അസുഖബാധിതരില്‍ 286 പേര്‍ രോഗമുക്തരായി. രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ അഞ്ച് പേര്‍ കൂടി മരിച്ചുവെന്നും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇന്ന് 302 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 378002 ആയി. ഇതില്‍ 368926 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.6 ശതമാനമാണ്. ആകെ മരണസംഖ്യ 6505 ആയി. മരണനിരക്ക് 1.7 ശതമാനമാണ്.
2571 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നുവെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചികിത്സയില്‍ കഴിയുന്നവരില്‍ 486 പേരുടെ നില ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.റിയാദ് 136, കിഴക്കന്‍ പ്രവിശ്യ 78, മക്ക 37, അല്‍ജൗഫ് 8, അല്‍ഖസീം 6, അസീര്‍ 6, വടക്കന്‍ അതിര്‍ത്തി മേഖല 6, മദീന 5, നജ്റാന്‍ 5, ഹാഇല്‍ 5, തബൂക്ക് 5, ജീസാന്‍ 4, അല്‍ബാഹ 1 എന്നിങ്ങനെയാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കൊവിഡ് കേസുകളുടെ എണ്ണം.