ദുബായ്: കോവിഡ് പരിശോധനയെ ചൊല്ലി പ്രവാസികളെ പിഴിയുന്ന തരത്തിൽ നിയമങ്ങൾ സൃഷ്ടിച്ചതിനെ രൂക്ഷഭാഷയിൽ വിമർശിച്ച് പ്രവാസി സാമൂഹ്യപ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി. ശരാശരി വരുമാനക്കാരായ ഒരു പ്രവാസി കുടുംബത്തിന് നാട്ടിലേക്ക് എത്തണമെങ്കിൽ വിമാനടിക്കറ്റും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും അടക്കം വലിയ ചെലവാണ് വരുന്നത്.
ഇതോടൊപ്പം നാട്ടിലെത്തിയാൽ നടത്തേണ്ടുന്ന തുടർച്ചയായ നിർബന്ധിത ടെസ്റ്റുകൾ വേറേയും. ലക്ഷങ്ങളാണ് ഓരോ യാത്രയിലും പ്രവാസികൾക്ക് മുടക്കേണ്ടി വരുന്നതെന്നും മരിച്ച പ്രവാസികളെ പോലും ദ്രോഹിക്കുകയാണെന്നും അഷ്‌റഫ് ഫേസ്ബുക്കിൽ കുറിക്കുന്നു.
അഷ്‌റഫ് താമരശ്ശേരിയുടെ ഫേസ്ബുക്ക് കുറിപ്പ്:
ഈ മരിച്ച മയ്യത്തുകളെ നിസ്സഹാനായി നോക്കി നില്‍ക്കുവാനെ ഇപ്പോള്‍ കഴിയുന്നുളളു.വിതുമ്പി പോവുകയാണ്.മരിച്ച പ്രവാസികളോട് പോലും ക്രൂരത.ഭാരൃ മരിച്ചിട്ട് മയ്യത്തിനോടപ്പം നാട്ടില്‍ പോകുവാന്‍ മൂന്ന് വയസ്സുളള കുഞ്ഞിനെയും കൊണ്ട് നെഞ്ചത്ത് ചേര്‍ത്ത് വെച്ച് ബുദ്ധിമുട്ടുന്ന ഒരു പ്രവാസിയുടെ വേദന ഞാന്‍ ഇന്ന് കണ്ടു. അങ്ങനെ ഒട്ടനവധി പേര്‍ പ്രയാസം അനുഭവിക്കുകയാണ്.
ഇവിടെ നിന്ന് പ്രവാസികള്‍ യാത്ര പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പ് പരിശോധന നടത്തിയ ശേഷമാണ് കേരളത്തിലേക്ക് യാത്ര നടത്തുന്നത്. ഇത്തരം ഒരു സാഹചര്യത്തിൽ ഇവിടെ എത്തി വീണ്ടും ഒരു പരിശോധന നടത്തുന്നതിന്‍റെ ആവശ്യം എന്തിനാണ്.നവജാത ശിശുവിനെ പോലും നിങ്ങള്‍ പരിശോധനക്ക് വിധേയമാക്കുന്നു. ശരാശരി ചെറിയ ശമ്പളത്തില്‍ ജോലി ചെയ്യുന്ന പ്രവാസികളെ ദുരിതകയത്തിലേക്ക് തളളിവിടുകയാണ് ഈ കാടന്‍ നിയമങ്ങള്‍.
നാട്ടിലുളളവര്‍ക്ക് യാതൊരു കോവിഡ് മാനദഢങ്ങളില്ലാതെ എന്തും ചെയ്യാം,ജാഥ നയിക്കാം,കൂട്ടം കൂടാം,ആള്‍ക്കൂട്ടങ്ങള്‍ക്ക് കോവിഡ് നിയമങ്ങള്‍ ബാധകമല്ല. ഇവിടെ നിന്നും ആര്‍ ടി പിസി ആര്‍ ടെസ്റ്റും നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ക്ക് വീണ്ടും പരിശോധന,അതു കൂടാതെ 7 ദിവസത്തെ ക്വാറന്‍റെയിനും.ഗള്‍ഫില്‍ നിന്നും വരുന്ന കൊറോണ വെെറസിന് വ്യാപനശക്തി കൂടുതലാണോ,ഇത് പ്രവാസികളോട് മാത്രം കാണിക്കുന്ന ക്രൂരതയാണ്.
കോവിഡിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലേക്കുള്ള പ്രവാസികളുടെ യാത്ര സംബന്ധിച്ച് സർക്കാർ പുറത്തിറക്കിയ പുതിയ നിബന്ധനകൾ എത്രയും പെട്ടെന്ന് പിൻവലിക്കണം ഗൾഫ് രാജ്യങ്ങളിൽ തൊഴിൽ സാഹചര്യം വളരെ മോശമായ സാഹചര്യത്തിലും ദ്രോഹിക്കുന്ന നടപടികളാണ് നമ്മുടെ സർക്കാരുകൾ അടിച്ചേൽപ്പിക്കുന്നത്.നമ്മുടെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന യാത്രക്കാർക്കില്ലാത്ത നിയന്ത്രണങ്ങൾ പ്രവാസികളോട് സ്വീകരിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല.
നാലു പേരടങ്ങുന്ന കുടുംബം നാട്ടിലേക്ക് വരുന്നതിന്, വിമാനക്കൂലിക്ക് പുറമെ വിദേശത്തും, നാട്ടിലുമായി രണ്ടു പ്രാവശ്യം കൊറോണ ടെസ്റ്റ് ചെയ്യുക കൂടി വേണമെന്നതിനാൽ, ലക്ഷക്കണക്കിനു രൂപയാണ് ചെലവ് വരുന്നത്. ഈ ദുരവസ്ഥ മനസിലാക്കി പ്രവാസികളുടെ ബുദ്ധിമുട്ടുകൾ മാറ്റാൻ വിമാനത്താവളങ്ങളിലെ കൊറോണ ടെസ്റ്റ് ഒഴിവാക്കണമെന്ന് കേന്ദ്രസർക്കാരിനോട് ശക്തമായ ഭാഷയില്‍ കേരള സര്‍ക്കാര്‍ ആവശ്യപ്പെടണം. കേന്ദ്രസർക്കാർ നയം മാറ്റാൻ തയാറാകാത്ത പക്ഷം, മുൻപ് ഉണ്ടായിരുന്ന പോലെ, കേരളത്തിലെ വിമാനത്താവളങ്ങളിൽ വരുന്ന പ്രവാസികളുടെ ടെസ്റ്റ് നടത്താനുള്ള ചെലവ് കേരള സർക്കാരോ, നോർക്കയോ തന്നെ വഹിച്ച് പ്രവാസികളെ സഹായിക്കണം. പ്രവാസികളുടെ ആവശ്യത്തിനാണ് നോര്‍ക്കയൊക്കെ പ്രവര്‍ത്തിക്കുന്നത്.കേരള സര്‍ക്കാരിന്‍റെ പ്രവാസി ചിട്ടിയുടെ കാര്യത്തിന് ഏറ്റവും മുന്‍പന്തിയില്‍ നിന്ന ആളാണ് ഞാന്‍,അന്ന് നോര്‍ക്കയുടെ തിരുവന്തപുരത്തുളള ഓഫീസില്‍ പോയി അധികാരികളെ കണ്ടപ്പോള്‍ എനിക്ക് വാക്ക് തന്നതാണ്,പ്രവാസികള്‍ക്ക് എന്ത് പ്രശ്നമുണ്ടായാലും നോര്‍ക്ക കൂടെയുണ്ടാകുമെന്നാണ്.ആ വാക്കുകള്‍ക്ക് കുറെച്ചെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഈ പ്രശ്നത്തില്‍ നോര്‍ക്കയും,സര്‍ക്കാരും ഇടപെടണം.
ഇവിടെ വരുന്ന മന്ത്രിമാരും,രാഷ്ട്രീയ നേതാക്കളും പ്രവാസികൾക്ക് എന്നും പ്രത്യേക പരിഗണനയുണ്ടെന്ന് പറയുന്നത് കേട്ട് വിശ്വസിച്ചവരാണ് നമ്മള്‍,.എത്രയും പെട്ടെന്ന് വിമാനത്താവളങ്ങളിലെ കോവിഡ് പരിശോധന സൗജന്യമാക്കണം.അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധങ്ങളുമായി,ഞങ്ങള്‍ പ്രവാസികള്‍ വരും.
Discussion about this post