ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലെനയര്‍ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍ വീതം (7.3 കോടിയോളം ഇന്ത്യന്‍ രൂപ) സ്വന്തമാക്കി രണ്ട് ഇന്ത്യക്കാര്‍.
ബാംഗ്ലൂര്‍ സ്വദേശിയായ 46കാരന്‍ അമിത് എസ് ആണ് ബുധനാഴ്ച നടന്ന നറുക്കെടുപ്പിലെ ഭാഗ്യശാലി. മില്ലെനിയം മില്ലെനയര്‍ 349-ാം സീരീസ് നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍ സമ്മാനം നേടിയിരിക്കുന്നത് കാലിഫോര്‍ണിയയില്‍ താമസിക്കുന്ന വരുണ്‍ ബൂസ്‌നറാണ്.
ഡിസംബര്‍ 18ന് അമിത് ഓണ്‍ലൈനായി വാങ്ങിയ മില്ലെനിയം മില്ലെനയര്‍ 348-ാം സീരീസിലെ 0518 എന്ന ടിക്കറ്റ് നമ്പറാണ് അദ്ദേഹത്തിന് വന്‍തുകയുടെ ഭാഗ്യം നല്‍കിയത്.
2016 മുതല്‍ ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന അമിതിന് ടിക്കറ്റ് വാങ്ങുമ്പോള്‍ ദുബായ് ഡ്യൂട്ടി ഫ്രീയുടെ 37-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് 25 ശതമാനം ഡിസ്‌കൗണ്ട് ലഭിച്ചിരുന്നു. ഇത്തരത്തില്‍ 10 ടിക്കറ്റുകളാണ് ഈ സീരീസില്‍ അദ്ദേഹം വാങ്ങിയത്. വളരെയധികം സന്തോഷമുണ്ടെന്നും വിജയിച്ചതായി വിശ്വസിക്കാനാവുന്നില്ലെന്നും അമിത് പറഞ്ഞു.
തീര്‍ച്ചയായും ഈ വിജയത്തോടെ തന്റെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്നും കമ്പ്യൂട്ടര്‍ ഷോപ്പ് നടത്തുന്ന അമിത് കൂട്ടിച്ചേര്‍ത്തു. സമ്മാനത്തുക കൊണ്ട് കടബാധ്യതകള്‍ തീര്‍ക്കാനും ബാക്കിയുള്ള പണം ഓഹരി വിപണിയില്‍ നിക്ഷേപിക്കാനുമാണ് അമിതിന്റെ തീരുമാനം. അനേകം പേര്‍ക്ക് സഹായകമാകുന്ന എന്‍ജിഒ തുടങ്ങാനും അദ്ദേഹത്തിന് ആഗ്രഹമുണ്ട്.
കാലിഫോര്‍ണിയയിലെ സിയാറ്റിലില്‍ താമസിക്കുന്ന ഇന്ത്യക്കാരനായ വരുണ്‍ ബൂസ്‌നറിനാണ് മില്ലെനിയം മില്ലെനയര്‍ 349-ാം സീരീസ് നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍ സമ്മാനമായി ലഭിച്ചത്. 34കാരനായ അദ്ദേഹം ഓണ്‍ലൈന്‍ വഴി ജനുവരി ഒന്നിന് വാങ്ങിയ 1720 എന്ന ടിക്കറ്റ് നമ്പറാണ് വരുണിനെ സമ്മാനാര്‍ഹനാക്കിയത്.
2011ലാണ് വരുണ്‍ യുഎസിലേക്ക് താമസം മാറിയത്. ഒരു വര്‍ഷത്തിലധികമായി അദ്ദേഹം ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ പങ്കെടുക്കുന്നുണ്ട്. പ്രതിസന്ധി ഘട്ടത്തില്‍ ഇത്ര വലിയ വിജയം പ്രതീക്ഷയാണെന്നും മതിയായ വിദ്യാഭ്യാസം ലഭിക്കാന്‍ സാഹചര്യങ്ങളില്ലാത്ത കുറച്ച് പാവപ്പെട്ട കുട്ടികളെ സഹായിക്കണമെന്നും സ്വന്തമായി ഒരു വീട് വെക്കാനും ബിസിനസില്‍ നിക്ഷേപിക്കാനും സമ്മാനത്തുക വിനിയോഗിക്കുമെന്ന് വരുണ്‍ പറഞ്ഞു.