മനാമ: ബഹ്റൈനില്‍ പ്രമുഖ ബാങ്കിന്റെ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍( 7.3 കോടി ഇന്ത്യന്‍ രൂപ)സ്വന്തമാക്കിയത് അടുത്തിടെ ബിരുദപഠനം പൂര്‍ത്തിയാക്കിയ സ്വദേശി യുവതി അമ്ന അല്‍ അഹ്മദ്. ഇത്മാര്‍ ബാങ്കിന്റെ തിമാര്‍ ഗ്രാന്റ് പ്രൈസ് നറുക്കെടുപ്പിലാണ് അമ്നയെ തേടി ഭാഗ്യം എത്തിയത്.
വ്യവസായ, വാണിജ്യ, വിനോദസഞ്ചാര മന്ത്രാലയത്തിന്റെ പങ്കാളിത്തത്തിലും മേല്‍നോട്ടത്തിലും ബാങ്കിന്റെ സീഫ് ഡിസ്ട്രിക്ടിലെ ആസ്ഥാനത്താണ് നറുക്കെടുപ്പ് നടന്നത്. വിജയിയായ വിവരം അമ്നയെ ഫോണില്‍ ബന്ധപ്പെട്ട് അധികൃതര്‍ അറിയിക്കുകയായിരുന്നു.
ഫോണ്‍ കോളില്‍ സമ്മാനവിവരം അറിഞ്ഞപ്പോള്‍ ആദ്യം വിശ്വസിക്കാനായില്ലെന്നും വലിയ സര്‍പ്രൈസാണിതെന്നും അമ്ന സന്തോഷത്തോടെ പറയുന്നു. തീര്‍ച്ചയായും തന്റെ ജീവിതം മാറ്റിമറിക്കുന്ന വിജയമാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സേവിങ്സ് അക്കൗണ്ടുകളെ അടിസ്ഥാനമാക്കി നല്കുന്ന സമ്മാനമാണ് തിമാര്‍. ഉപയോക്താക്കള്‍ക്കിടയില്‍ സമ്പാദ്യശീലം വളര്‍ത്താന്‍ സഹായിക്കുന്നതിനായാണ് ഇത്മാര്‍ ബാങ്ക് ഈ പദ്ധതിക്ക് തുടക്കമിട്ടത്.
Discussion about this post