സൗദി ക്ഷണിച്ചു; ഖത്തർ ഉപരോധം നീങ്ങി; ഗൾഫ് രാജ്യങ്ങൾ വീണ്ടും ഐക്യത്തിലേക്ക്; അൽ ഉല കരാർ യാഥാർഥ്യമായി; ഒപ്പുവെച്ച് ജിസിസി രാജ്യങ്ങൾ

ജിദ്ദ: ഗൾഫ് രാജ്യങ്ങൾ ആകാംക്ഷയോടെ ഉറ്റുനോക്കിയ ‘അൽ ഉല കരാർ’ 41ാം ജിസിസി ഉച്ചകോടിയിൽ യാഥാർത്ഥ്യമായി. ഗൾഫ് രാജ്യങ്ങളുടെ ഐക്യവും സഹകരണവും ഉറപ്പാക്കുന്ന ‘അൽഉല കരാറി’ൽ ജിസിസി അംഗരാജ്യങ്ങളായ സൗദി അറേബ്യ, ഖത്തർ, യുഎഇ, ബഹ്‌റൈൻ, കുവൈത്ത് തുടങ്ങിയ ആറ് ഗൾഫ് രാജ്യങ്ങളും ഒപ്പുവെച്ചതോടെയാണ് പുതു ചരിത്രം പിറന്നത്. ഇതോടെ ഖത്തർ ഉപരോധം എന്നത് മറവിയിലേക്ക് മാഞ്ഞുപോയി. തീവ്രവാദ ബന്ധം ആരോപിച്ച് സൗദി അറേബ്യയും യുഎഇയും ബഹ്‌റൈനും 2017 ജൂൺ മുതൽ ഖത്തറുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും വിച്ഛേദിച്ചാണ് ഉപരോധം ഏർപ്പെടുത്തിയത്. ഇതാണ് അൽ ഉല കരാർ പഴങ്കഥയാക്കിയത്.

Saudi  Prince

ഉപരോധം പ്രഖ്യാപിച്ച് ഗൾഫ് രാജ്യങ്ങൾ മാറ്റി നിർത്തിയിരുന്ന ഖത്തറിനേയും ഉൾപ്പെടുത്തി ആറ് ഗൾഫ് രാജ്യങ്ങളും പഴയ ഐക്യവും സഹവർത്തിത്തവും തുടരുമെന്ന് പ്രഖ്യാപിച്ചതോടെയാണ് 41ാമത് ജിസിസി ഉച്ചകോടിക്ക് തിരശ്ശീല വീണത്. ഗൾഫ് രാജ്യങ്ങൾക്കൊപ്പം ഖത്തറിനോട് ഉപരോധം പ്രഖ്യാപിച്ച ഈജിപ്തും കരാറിലൊപ്പ് വെച്ചിട്ടുണ്ട്.

GCC Sign

നാല് വർഷത്തിലധികമായി തുടരുന്ന ഖത്തർ ഉപരോധം നീക്കിക്കൊണ്ടുള്ള പ്രമേയം പാസാക്കിയ ഉച്ചകോടിയിൽ ഖത്തർ അമീറിന്റെ സാന്നിധ്യവും ശ്രദ്ധേയമായി. ഉപരോധത്തിനു ശേഷം ആദ്യമായാണ് ഖത്തർ അമീർ ജിസിസി ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.

Qatar Emir

കുവൈറ്റ് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ സ്വബാഹ്, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി, യുഎഇ വൈസ് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ റാഷിദ്, ബഹ്‌റൈൻ കിരീടാവകാശി അമീർ സൽമാൻ ബിൻ ഹമദ് ആലു ഖലീഫ, ഒമാൻ ഉപപ്രധാനമന്ത്രി ഫഹദ് ബിൻ മഹ്മൂദ് ആലു സഊദ് എന്നിവർ സമ്മേളനത്തിൽ സംബന്ധിച്ചു. ഈ ആറ് നേതാക്കളും അതത് രാജ്യങ്ങളെ പ്രതിനിധീകരിച്ച് കരാറിൽ ഒപ്പുവെച്ചു. ഈജിപ്തിനായി ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി സാമിഹ് ശുക്‌രിയാണ് കരാറിൽ ഒപ്പിട്ടത്.

സൗദിയുടെ മേൽനോട്ടത്തിലും നേതൃത്വത്തിലുമാണ് വടക്കുപടിഞ്ഞാറൻ സൗദിയിലെ അൽഉല പൗരാണിക കേന്ദ്രത്തിൽ ജിസിസി ഉച്ചകോടി നടന്നത്. സൗദിയിലെത്തിയ മറ്റ് രാജ്യങ്ങളിലെ ഭരണാധികാരികളെ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ജിസിസി സെക്രട്ടറി ജനറൽ ഡോ. നാഇഫ് ഫലാഹ് അൽഹജ്‌റഫും ചേർന്നാണ് സ്വീകരിച്ചത്.

അമേരിക്കൻ പ്രസിഡന്റിന്റെ മുതിർന്ന ഉപദേഷ്ടാവ് ജാരെഡ് കുഷ്‌നർ, ഒഐസി സെക്രട്ടറി ജനറൽ ഡോ. യൂസുഫ് ബിൻ അഹ്മദ് അൽ-ഉ-തൈമിൻ, അറബ് ലീഗ് സെക്രട്ടറി ജനറൽ അഹമ്മദ് അബൂഗൈത്, ജിസിസി സെക്രട്ടറി ജനറൽ ഡോ. നാഇഫ് ഫലാഹ് മുബാറക് അൽഹജ്‌റഫ് തുടങ്ങിയവരും ഉച്ചകോടിയിൽ പങ്കെടുത്തു.

Exit mobile version