ദുബായി: യുഎഇയിലും ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം. അതേസമയം, വളരെ കുറഞ്ഞ ആളുകളില്‍ മാത്രമാണ് വൈറസ് ബാധ കണ്ടെത്തിയിട്ടുള്ളതെന്നും ആശങ്കപ്പെടേണ്ട യാതൊരു കാര്യവുമില്ലെന്നും ആരോഗ്യ വിഭാഗം അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരിലാണ് കൊറോണ വൈറസിന്റെ വകഭേദം കണ്ടെത്തിയിരിക്കുന്നത്. യു.എ.ഇ സര്‍ക്കാറിന്റെ വക്താവ് ഡോ. ഒമര്‍ അല്‍ ഹമ്മദിയാണ് ഇതുസംബന്ധിച്ച് സ്ഥിരീകരണം നല്‍കിയിരിക്കുന്നത്. എമിറേറ്റിലേക്ക് യാത്ര ചെയ്ത് എത്തിയവരിലാണ് കൂടുതല്‍ പകര്‍ച്ചവ്യാധിക്ക് സാധ്യതയുള്ള വൈറസുകളുടെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്.
എന്നാല്‍ പരിമിതമായ എണ്ണം ആളുകളില്‍ മാത്രമാണ് ഇവ കണ്ടെത്തിയത്. രാജ്യത്തെ കര്‍ശനമായ ആരോഗ്യ പരിശോധനയ്ക്കിടെയാണ് ഇവ കണ്ടെത്തിയിരിക്കുന്നത്. വ്യാപനം തടയുന്നതിനുള്ള എല്ലാ സുരക്ഷാമുന്‍കരുതലുകളും ആരോഗ്യ വിഭാഗം ഇതിനകം നടപ്പാക്കികഴിഞ്ഞു -ഡോ. ഒമര്‍ അല്‍ ഹമ്മദിപറഞ്ഞു.
എന്നാല്‍ എത്ര പേരില്‍ പുതിയ വൈറസ് കണ്ടെത്തിയെന്നോ, ഏതു രാജ്യങ്ങളില്‍ നിന്നെത്തിയവരിലാണ് വ്യാപനം സംഭവിച്ചിരിക്കുന്നത് എന്നത് സംബന്ധിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.യു.കെയില്‍ റിപ്പോര്‍ട്ട് ചെയ്യുകയും പിന്നീട് സ്‌പെയിന്‍, ദക്ഷിണ കൊറിയ, സ്വീഡന്‍, ദക്ഷിണാഫ്രിക്ക, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്ത വൈറസ് ആദ്യമായാണ് ഒരു ഗള്‍ഫ് രാജ്യത്ത് കണ്ടെത്തിയിരിക്കുന്നത്.
ജനിതക മാറ്റം സംഭവിച്ച വൈറസ് സാന്നിധ്യം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഭയപ്പെടേണ്ട ആവശ്യമില്ലെന്നും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നുമാണ് മന്ത്രാലയം നല്‍കുന്ന നിര്‍ദേശം. ഫേസ് മാസ്‌കും സാമൂഹ്യ അകലം പാലിക്കുന്നതും കര്‍ശനമായി പാലിക്കണമെന്നും ആഘോഷവേളകളുടെ മുന്നോടിയായി സംഘം ചേരുന്നതും മറ്റും ഒഴിവാക്കണമെന്നുമുള്ള നിര്‍ദേശങ്ങളാണ് പ്രാഥമികമായി പുറത്തുവിട്ടിട്ടുള്ളത്.
Discussion about this post