ഉമ്മുൽഖുവൈൻ: കേരളത്തിൽ മറ്റൊരു ഡിവിഐഎഫ്‌ഐ പ്രവർത്തകനും അക്രമരാഷ്ട്രീയത്തിന്റെ കൊലക്കത്തിക്ക് ഇരയായപ്പോൾ ഞെട്ടിയത് കേരളക്കര മാത്രമല്ല, കടൽകടന്ന പ്രവാസ ലോകവുമാണ്. പ്രവാസിയായിരുന്ന അബ്ദുൾറഹ്മാൻ എന്ന ഔഫ് കോവിഡ് കാലത്താണ് ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരിച്ചത്. തെരഞ്ഞെടുപ്പ് തിരക്കുകൾ ഒതുങ്ങിയതിന് ശേഷം സുഹൃത്തുക്കൾ തനിക്കായി കണ്ടെത്തിയ ജോലിക്കായി പ്രവാസ ലോകത്തേക്ക് തിരിക്കാനിരിക്കുകയായിരുന്നു ഔഫ്.
എന്നാൽ രാഷ്ട്രീയവൈര്യത്തിന്റെ പേരിൽ 23ന് രാത്രി കാസർകോട് കാഞ്ഞങ്ങാട് കല്ലൂരാവിയിലെ നടുറോഡിൽ മുസ്ലിം ലീഗ് പ്രവർത്തകരുടെ കഠാര കൊണ്ടുള്ള കുത്തേറ്റ് വീഴുകയായിരുന്നു അവൻ. തങ്ങളുടെ പ്രിയപ്പെട്ട സ്‌നേഹിതന്റൈ വിയോഗം ഇപ്പോഴും പ്രവാസലോകത്തെ മലയാളി യുവാക്കൾക്ക് വിശ്വസിക്കാനാകുന്നില്ല. സൗമ്യത മുഖമുദ്രയായിരുന്ന ഔഫിനെ രാഷ്ട്രീയത്തിന്റെ പേരിൽ കൊലക്കത്തിക്ക് ഇരയാക്കിയെന്ന വാർത്തയുടെ ഞെട്ടലിൽ നിന്ന് ഉമ്മുൽഖുവൈനിലെ ഈ യുവാക്കൾ ഇതുവരെ മോചിതരായിട്ടില്ല. ഔഫിന്റെ കൂടെ താമസിച്ചിരുന്ന ഉറ്റ സുഹൃത്തുക്കളാണ് രാഷ്ട്രീയ കൊലപാതകങ്ങളുടെ നഷ്ടം തങ്ങൾക്കും കുടുംബത്തിനും മാത്രമാണെന്ന് കണ്ണീരോടെ പറയുന്നത്. മരണവാർത്തയറിഞ്ഞതിന് ശേഷം സമാധാനമായി ഒന്നുറങ്ങിയിട്ടുപോലുമില്ലെന്ന് ഇവർ പറയുന്നു.
വർഷങ്ങളായി ഒരേ മുറിയിൽ സുഖദുഃഖങ്ങൾ പങ്കിട്ട് സഹോദരങ്ങളെ പോലെ കഴിഞ്ഞിരുന്ന ഉറ്റസുഹൃത്തുക്കളാണ് ഇവർ. കാസർകോട്ട് ഡിവൈഎഫ്‌ഐ പ്രവർത്തനെ കുത്തിക്കൊന്നു എന്ന വാർത്തയറിഞ്ഞപ്പോൾ അത് തങ്ങളുടെ ഔഫ് ആകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് ഇവർ പറയുന്നു. ഓൺലൈനുകളിലും വാട്‌സ് ആപ്പിലും വാർത്തകളും ചിത്രങ്ങളും വന്നു തുടങ്ങിയപ്പോഴായിരുന്നു സത്യം തിരിച്ചറിഞ്ഞത്. ആരെന്തു പറഞ്ഞാലും അതിനെ ശാന്തതയോടെ സമീപിച്ച് പ്രതികരിക്കുന്നയാളായിരുന്നു ഔഫ്. എന്തിനും ഒപ്പം നിന്ന് ഉത്സാഹത്തോടെ നടത്തിത്തരുന്ന സഖാവായിരുന്നു. ഒന്നിച്ച് ഭക്ഷണം കഴിച്ച്, അവധി ദിനങ്ങളിൽ പുറത്തു കറങ്ങിനടന്ന്, സന്തോഷത്തിലും സന്തോഷത്തിലും പങ്കുചേരുന്ന യുവാവിനെ കുറിച്ച് സുഹൃത്തുക്കൾക്ക് പറയാൻ നല്ലവാക്കുകൾ മാത്രം.
കോവിഡ് പ്രതിസന്ധിയെ തുടർന്ന് ജോലി നഷ്ടപ്പെട്ടപ്പോഴായിരുന്നു മാസങ്ങൾക്ക് മുൻപ് ഔഫ് നാട്ടിലേയ്ക്ക് മടങ്ങിയത്. ഇതേ കമ്പനിയിൽ വീണ്ടും ജോലി ശരിയാക്കാൻ സുഹൃത്തുക്കൾ ശ്രമിച്ചുവരികയായിരുന്നു. കമ്പനി അധികൃതരുമായി സംസാരിച്ച് ജോലിയിൽ തിരിച്ചു പ്രവേശിക്കാനുള്ള വഴി തെളിഞ്ഞതിന് പിന്നാലെയാണ് മരണവാർത്തയെത്തിയത് എന്ന് ഇവർ പറയുന്നു.
ഹൃദയധമനിയിൽ ആഴത്തിലേറ്റ മുറിവിൽ നിന്നും രക്തം വാർന്നാണ് ഔഫ് മരിച്ചത്. കേസിൽ യൂത്ത് ലീഗ് മുനിസിപ്പൽ സെക്രട്ടറി ഇർഷാദ്(26), യൂത്ത് ലീഗ് പ്രവർത്തകൻ ആഷിർ (24), എംഎസ്എഫ് പ്രവർത്തകൻ ഹസൻ (23) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഔഫിന്റെ മരണം ഗർഭിണിയായ ഭാര്യ ഷാഹിനയേയും കുടുംബത്തയേും സുഹൃത്തുക്കളേയും ഇരുട്ടിലാക്കിയിരിക്കുകയാണ്. കക്ഷി രാഷ്ട്രീയത്തിന്റെ പേരിൽ ഇനിയും മണ്ണിൽ രക്തം വീഴരുതെന്ന് ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയുമാണ് ഈ പ്രവാസി യുവാക്കൽ.
Discussion about this post