ദുബായ്: പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നുള്ള കോഴി ഉള്‍പ്പെടെയുള്ള പക്ഷികളുടെയും മാംസ ഉല്‍പ്പന്നങ്ങളുടെയും ഇറക്കുമതി നിരോധിച്ച് യുഎഇ. പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന മന്ത്രാലയമാണ് ഈ കാര്യം അറിയിച്ചത്. അയര്‍ലന്‍ഡില്‍ നിന്നുള്ള കോഴി, പക്ഷി മാംസ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്കാണ് ഏറ്റവും ഒടുവില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അയര്‍ലന്‍ഡില്‍ പക്ഷിപ്പനി വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് നടപടി. അയര്‍ലന്‍ഡില്‍ നിന്നുള്ള അലങ്കാര പക്ഷികള്‍, ഇറച്ചിക്കോഴികള്‍, കുഞ്ഞുങ്ങള്‍, കാട്ടുജീവികള്‍, വിരിയിക്കുന്ന മുട്ടകള്‍, സംസ്‌കരിച്ച ഗോമാംസം, ആട്, ആട്ടിന്‍ കിടാവ്, കോഴി ഇറച്ചി ഉല്‍പ്പന്നങ്ങള്‍ എന്നിവ ഇറക്കുമതി ചെയ്യുന്നതിന് പൂര്‍ണ്ണമായും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
അതേസമയം യുക്രെയ്ന്‍, ക്രൊയേഷ്യ, സ്വീഡനിലെ കൗണ്ടി, ഫ്രഞ്ച് ദ്വീപായ കോര്‍സിക്ക, നെതര്‍ലാന്റ്, ജര്‍മ്മനി, ഡെന്‍മാര്‍ക്ക്, റഷ്യയിലെ ചില പ്രദേശങ്ങള്‍ എന്നിവിടങ്ങള്‍ രോഗരഹിതമെന്ന് പ്രഖ്യാപിക്കും വരെ കാട്ടുപക്ഷികള്‍, അലങ്കാര പക്ഷികള്‍, കുഞ്ഞുങ്ങള്‍, വിരിയിക്കുന്ന മുട്ടകള്‍, കോഴി ഇറച്ചി എന്നിവയുടെ ഇറക്കുമതിക്കും നിരോധമേര്‍പെടുത്തിയിട്ടുണ്ട്.
അതേസമയം വൈറസില്‍ നിന്ന് മുക്തമാണെന്ന് സ്ഥിരീകരണം ലഭിച്ചതിനെ തുടര്‍ന്ന് ഹംഗറിയില്‍ നിന്നുള്ള വളര്‍ത്തുമൃഗങ്ങളുടെ ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയ നിരോധനം യുഎഇ പിന്‍വലിച്ചിട്ടുണ്ട്.
Discussion about this post