അബുദാബി: ഉപഭോക്താക്കള്‍ക്ക് ബാങ്കുകള്‍ ചെക്കുകള്‍ നല്‍കുന്ന കാര്യത്തില്‍ യുഎഇ കേന്ദ്ര ബാങ്ക് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ചെക്കുകള്‍ നല്‍കുന്നതിന് മുന്‍പ് അല്‍ ഇത്തിഹാദ് ക്രെഡിറ്റ് ബ്യൂറോ വഴി ഉപഭോക്താക്കളുടെ ക്രെഡിറ്റ് ഹിസ്റ്ററി പരിശോധിക്കണമെന്നാണ് നിര്‍ദ്ദേശം.
സാമ്പത്തിക ഇടപാടുകളില്‍ ജനങ്ങളെ കൂടുതല്‍ ഉത്തരവാദിത്തമുള്ളവരാക്കാനും കുറ്റകൃത്യങ്ങള്‍ കുറയ്ക്കാനുമാണ് കേന്ദ്ര ബാങ്ക് ലക്ഷ്യമിടുന്നത്.
കഴിഞ്ഞ കാലങ്ങളില്‍ ഒരാള്‍ നല്‍കിയ ചെക്കുകള്‍ ഏതെങ്കിലും പണമില്ലാതെയോ മറ്റ് കാരണങ്ങള്‍ കൊണ്ടോ മടങ്ങിയിട്ടുണ്ടോയെന്നായിരിക്കും പ്രധാനമായും പരിശോധിക്കുക.
ആദ്യമായി അക്കൗണ്ട് തുടങ്ങുന്ന വ്യക്തിക്ക് പരമാവധി 10 ചെക്ക് ലീഫുകള്‍ നല്‍കും. ഈ ചെക്കുകളൊന്നും ബൗണ്‍സായിട്ടില്ലെങ്കില്‍ ആറ് മാസത്തിന് ശേഷം പരിശോധനകള്‍ പൂര്‍ത്തിയാക്കി കൂടുതല്‍ ചെക്ക് ബുക്കുകള്‍ നല്‍കാമെന്നും കേന്ദ്ര ബാങ്ക്, മറ്റ് ബാങ്കുകള്‍ക്ക് നല്‍കിയ നിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നു.
അക്കൗണ്ടില്‍ പണമില്ലാതെ ചെക്കുകള്‍ മടങ്ങുന്നത് ഉപഭോക്താക്കളെ ദോശകരമായി ബാധിക്കുമെന്ന കാര്യം എല്ലാവരെയും ബാങ്കുകള്‍ അറിയിക്കണം. ചെക്കുകളുടെ ഉപയോഗം കുറച്ച്, പകരം ബാങ്കുകള്‍ വഴിയുള്ള ഡയറക്ട്റ്റ് ട്രാന്‍സ്ഫറുകള്‍ പ്രോത്സാഹിപ്പിക്കണമെന്നും കേന്ദ്ര ബാങ്കിന്റെ സര്‍ക്കുലറില്‍ പറയുന്നു.