ദുബായ്: ദുബായില്‍ ഒരു വയസുകാരിയുടെ വയറ്റില്‍ നിന്ന് പുറത്തെടുത്തത് എട്ട് മുത്തുകളുള്ള മാല. ഡോക്ടര്‍മാരുടെ സമയോചിതമായ ഇടപെടലിലാണ് കുഞ്ഞിന് ജീവന്‍ തിരിച്ചു കിട്ടിയത്. കൃത്യസമയത്ത് ചികിത്സ നല്‍കിയില്ലായിരുന്നെങ്കില്‍ കുട്ടിയുടെ കുടലിന് പരിക്കേല്‍ക്കുകയും ജീവന്‍ തന്നെ അപകടത്തിലാകുകയും ചെയ്യുമായിരുന്നെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
ദുബായിയില്‍ താമസിക്കുന്ന ജോര്‍ദ്ദാന്‍ സ്വദേശികളായ -ഹുദാ ഉമര്‍ മൊസ്ബഹ് ഖാസിം-മാഹിര്‍ ശൈഖ് യാസിന്‍ ദമ്പതികളുടെ ഒരു വയസ്സുള്ള മകള്‍ സല്‍മയാണ് മാല വിഴുങ്ങിയത്. ഒക്ടോബറിലായിരുന്നു സംഭവം. കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുകയും ഛര്‍ദ്ദിക്കുകയും ചെയ്തതോടെയാണ് മാതാപിതാക്കള്‍ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്.
ആ സമയം, കുട്ടിക്ക് പനിയുമുണ്ടായിരുന്നു. ശിശുരോഗ വിദഗ്ധരായ ഡോ. മാസന്‍ യാസര്‍ സാലോം, ഡോ. ഡീമ തര്‍ഷ എന്നിവരുടെ പരിശോധനയില്‍ കുട്ടി മാല വിഴുങ്ങിയതായി കണ്ടെത്തി. തീവ്രപരിചരണ വിഭാഗത്തില്‍ രണ്ടുമാസത്തോളം ചികിത്സ നടത്തിയ ശേഷമാണ് കുട്ടിയുടെ ആരോഗ്യം സാധാരണനിലയിലായത്.
ഇതിനിടെ മൂന്ന് ശസ്ത്രക്രിയകളും നടത്തി. ഒടുവിലാണ് മാല പുറത്തെടുക്കാനായത്. അപകടമുണ്ടാകാന്‍ സാധ്യതയുള്ള വസ്തുക്കള്‍ കുട്ടികള്‍ക്ക് സമീപം വെക്കുന്നത് ഒഴിവാക്കണമെന്നും കുട്ടികള്‍ ഒറ്റയ്ക്ക് കളിക്കുമ്പോള്‍ രക്ഷിതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്നും ഡോക്ടര്‍മാര്‍ മാതാപിതാക്കള്‍ക്ക് നിര്‍ദേശം നല്‍കി.