ജിദ്ദ: ജിദ്ദ തുറമുഖത്ത് എണ്ണക്കപ്പലിന് നേരെ ഭീകരാക്രമണം. തിങ്കളാഴ്ച രാത്രി സൗദി പ്രാദേശികസമയം 12.40 നായിരുന്നു സ്ഫോടകവസ്തുക്കള്‍ നിറച്ച ബോട്ട് ഉപയോഗിച്ച് കപ്പലിനുനേരെ ആക്രമണമുണ്ടായത്. സൗദി ഊര്‍ജമന്ത്രാലയമാണ് ഈ കാര്യം അറിയിച്ചത്. അതേസമയം സ്ഫോടനത്തില്‍ ആര്‍ക്കും ജീവഹാനിയോ പരിക്കോ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
സിംഗപ്പൂര്‍ രജിസ്ട്രേഷനുള്ള ബിഡബ്ലു റൈന്‍ എന്ന കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത് എന്നാണ് റിപ്പോര്‍ട്ട്. ഇന്ധനം ഇറക്കുന്നതിനായി കപ്പല്‍ ടെര്‍മിനലില്‍ നങ്കൂരമിട്ട സമയത്തായിരുന്നു ആക്രമണം. തുടര്‍ന്ന് കപ്പലില്‍ നേരിയ തീപ്പിടിത്തമുണ്ടായി. ഉടനെത്തന്നെ അഗ്നിശമന, സുരക്ഷാ വിഭാഗം തീയണച്ചതായി മന്ത്രാലയ വക്താവിനെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെ സൗദി ഊര്‍ജമന്ത്രാലയം അപലപിച്ചു. കപ്പലിലെ എണ്ണയില്‍ ചോര്‍ച്ചയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം ആഴ്ചകള്‍ക്ക് മുമ്പ് സൗദി അരാംകോയുടെ ജിദ്ദയിലെ കേന്ദ്രത്തിന് നേരെയും മറ്റൊരു കപ്പലിന് നേരെയും ഹൂതികള്‍ ആക്രമണം നടത്തിയിരുന്നു. ചെങ്കടലില്‍ കുഴിബോംബുകള്‍ സ്ഥാപിച്ചും ബോട്ടുകളില്‍ അയച്ചുമാണ് ഹൂതികള്‍ ആക്രമണം നടത്തുന്ന രീതി. അതേസമയം ഇന്നുണ്ടായ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
Discussion about this post