കുവൈറ്റ് സിറ്റി: പാസ്പോര്‍ട്ട് അപേഷകളില്‍ റഫറന്‍സ് രേഖകള്‍ നിര്‍ബന്ധമാക്കി കുവൈത്തിലെ ഇന്ത്യന്‍ എംബസി. പാസ്പോര്‍ട്ട് സേവനങ്ങള്‍ക്ക് ബന്ധുക്കളോ സുഹൃത്തുക്കളോ ആയ രണ്ട് പേരുടെ സിവില്‍ ഐഡി പകര്‍പ്പ്, ഫോണ്‍ നമ്പര്‍ എന്നിവയാണ് നിര്‍ബന്ധമാക്കിയത്.
കുവൈത്തില്‍ ഇന്ത്യക്കാരായ പ്രവാസികള്‍ക്ക് പാസ്പോര്‍ട്ട് സേവനങ്ങള്‍ നല്കുന്ന കോക്സ് ആന്റ് കിങ്സ് എന്ന ഏജന്‍സിക്കയച്ച സര്‍ക്കുലറിലാണ് എംബസി പുതിയ നിബന്ധനകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് അറിയിപ്പ് നല്‍കിയിട്ടില്ല. അതിനാല്‍ നിരവധിയാളുകള്‍ പാസ്പോര്‍ട്ട് പുതുക്കാന്‍ സേവന കേന്ദ്രത്തിലെത്തി മടങ്ങുകയാണ്.
ബന്ധുക്കളോ സുഹൃത്തുക്കളോ ആയ രണ്ട് പേരുടെ മേല്‍വിലാസം സിവില്‍ ഐഡി പകര്‍പ്പ്, ഫോണ്‍ നമ്പര്‍ എന്നിവ നിര്‍ബന്ധമായും അപേക്ഷാഫോറത്തിന്റെ 19-ാം നമ്പര്‍ കോളത്തിന് ചേര്‍ക്കണമെന്നാണ് പുതിയ നിര്‍ദ്ദേശം.
എംബസിയുടെ നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയരുകയാണ്. ഗാര്‍ഹിക ജോലിക്കായി കുവൈത്തില്‍ എത്തിയവര്‍ക്ക് പുതിയ നിര്‍ദേശം ബുദ്ധിമുട്ട് സൃഷ്ടിക്കും. റഫറന്‍സിന് ആളെ കിട്ടുക പ്രയാസമാണ്. കുവൈത്തിലെ ഇന്ത്യക്കാരെ ബുദ്ധിമുട്ടിലാക്കുന്ന പ്രവര്‍ത്തികളാണ് എംബസിയുടെ ഭാഗത്ത് നിന്ന് തുടര്‍ച്ചയായി ഉണ്ടാകുന്നതെന്നാണ് ആക്ഷേപം. നേരത്തെ പ്രവാസി സംഘടനകളുടെ രജിസ്ട്രേഷന് കൂട്ടത്തോടെ ഇന്ത്യന്‍ എംബസി റദ്ദാക്കിയിരുന്നു.
Discussion about this post