തളിപ്പറമ്പ്: കണ്ണൂർ പട്ടുവം പഞ്ചായത്തിൽ തങ്ങളുടെ വോട്ട് ആരെങ്കിലും കള്ളവോട്ട് ചെയ്താലോ എന്ന ഭയത്തിൽ പ്രവാസികൾ ഹൈക്കോടതിയെ സമീപിച്ചു. കള്ളവോട്ടുകൾ ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് വോട്ടർപട്ടികയിൽ പേരുള്ള പ്രവാസികളാണ് ഹൈക്കോടതിയെ സമീപിച്ചത്. വോട്ടുചെയ്യാൻ നാട്ടിലെത്താൻ കഴിയാത്ത 116 പേരാണ് കോടതിയെ സമീപിച്ചത്.
അഡ്വ. എം മുഹമ്മദ് ഷാഫി മുഖേനയാണ് പ്രവാസി സംഘം ഹർജി നൽകിയത്. കേസ് ഈ ആഴ്ച തന്നെ കോടതി പരിഗണിക്കുമെന്നാണ് പ്രതീക്ഷ. പട്ടുവം പഞ്ചായത്തിലെ ഒന്നാം വാർഡിലെ 10 പ്രവാസികളും രണ്ടാം വാർഡിലെ 30 പേരും ഏഴാം വാർഡിലെ 27 പേരും പത്താം വാർഡിലെ 22 പേരും വാർഡ് 11ലെ 12 പേരും 12ാം വാർഡിലെ 11 പേരും 13ാം വാർഡിലെ നാലുപേരുമാണ് കോടതിയെ സമീപിച്ചത്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ തങ്ങളുടെ വോട്ടുകൾ ആൾമാറാട്ടത്തിലൂടെ മറ്റാരോ ചെയ്തിട്ടുണ്ടെന്നും ഇത്തവണ ഇതിന് അനുവദിക്കരുതെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
യുഎഇ, കുവൈറ്റ്, സൗദി അറേബ്യ എന്നിവിടങ്ങളിലുള്ള പ്രവാസികൾ ജിസിസി പട്ടുവം പഞ്ചായത്ത് കെഎംസിസിയുടെയും വാട്‌സ്ആപ്പ് കൂട്ടായ്മകളുടെയും നേതൃത്വത്തിലാണ് ഹർജി നൽകിയത്.
Discussion about this post