ദുബായ്: കാഴ്ചശക്തി നഷ്ടമായ മലയാളിക്ക് ദുബായിയില്‍ കൈതാങ്ങായി ഒരു പാകിസ്താനി യുവാവ്. കോട്ടയം മുണ്ടക്കയം സ്വദേശിയായ തോമസിനെയാണ് പാകിസ്താന്‍കാരനായ ആസാദ് മൂന്ന് വര്‍ഷമായി സ്വന്തം കൂടപിറപ്പിനെ പോലെൃ പരിപാലിക്കുന്നത്.
ഏഴു വര്‍ഷം മുമ്പാണ് തോമസ് ദുബായിലെത്തിയത്. ഏറെ കഷ്ടപ്പെട്ട് തരപ്പെടുത്തിയ ജോലി മാസങ്ങളോളം ചെയ്‌തെങ്കിലും ശമ്പളം ലഭിച്ചില്ല. ശമ്പളകുടിശ്ശിക ബാക്കി വച്ച് സ്ഥാപനയുടമ മുങ്ങി. പിന്നീട് ഒരു സ്വദേശിയുടെ സഹായത്തോടെ ഇലക്ടോണിക്‌സ് കട തുടങ്ങിയെങ്കിലും അതും വിജയിച്ചില്ല.
പിന്നീട് കേസായി. യാത്രാവിലക്കുവന്നു. തോമസ് നാട്ടിലേക്ക് പോയിട്ട് വര്‍ഷം ഏഴായി. ഇതിനിടയ്ക്കാണ് അസുഖങ്ങള്‍ വില്ലനായത്. പക്ഷാഘാതം വന്ന് ശരീരത്തിന്‌ടെ ഒരു ഭാഗം തളരുകയും കാഴ്ചശക്തി നഷ്ടമാവുകയും ചെയ്തു. പരസഹായമില്ലാതെ ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയായി.
തോമസിന്റെ കഷ്ടപ്പാടുകള്‍ മനസ്സിലാക്കിയതോടെയാണ് നല്ല മനസ്സിനുടമയായ സുഹൃത്ത് മുഹമ്മദ് ആസാദ് സഹായത്തിനായി എത്തിയത്. ആരും ആവശ്യപ്പെടാതെ തന്നെയാണ് സഹാനുഭൂതിയോടെ ആസാദ് സഹായിക്കാനെത്തിയത്. സ്വന്തം മകനടക്കം ബന്ധുക്കളും സ്വന്തക്കാരും ഒട്ടേറെ ഗള്‍ഫുനാടുകളിലുണ്ടെങ്കിലും സഹായിത്തിനാരും എത്താത്തതില് നിരാശനാണ് തോമസ്.
എല്ലാ പ്രശ്‌നങ്ങളെല്ലാം തീര്‍ത്ത് എത്രയും പെട്ടെന്ന് സ്വന്തം മണ്ണിലേയ്ക്ക് മടങ്ങാന്‍ സുമനസ്സുകളുടെ സഹായം തേടുകയാണ് തോമസ്. ഇല്ലെങ്കില്‍ മരുഭൂമിയില്‍ കിടന്ന് മരിച്ചുപോകുമെന്നും അദ്ദേഹം കണ്ണീരോടെ പറയുന്നു. തുണയായെത്തിയ ആസാദിനോട് തീര്‍ത്താല്‍ തീരാത്ത നന്ദിയും തോമസിന്റെ മനസ്സിലുണ്ട്.