ഇന്ത്യയ്ക്കും സൗദിക്കും ഇടയിൽ വിമാന സർവീസ് പുനരാരംഭിക്കും; ചർച്ചകൾ തുടരുന്നു

റിയാദ്: ഇന്ത്യയ്ക്കും സൗദി അറേബ്യക്കുമിടയിൽ വിമാനസർവീസുകൾ പുനരാരംഭിച്ചേക്കും. കോവിഡിന്റെ പശ്ചാത്തലത്തിൽ നിർത്തിവെച്ച വിമാന സർവീസ് വീണ്ടും ആരംഭിക്കുന്നത് സംബന്ധിച്ച ചർച്ചകൾ സജീവമാവുകയാണ്. റിയാദിലെ ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ (ഡിസിഎം) എൻറാം പ്രസാദ് സൗദി സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി അധികൃതരുമായി ഈ വിഷയത്തിൽ കൂടിക്കാഴ്ച നടത്തി.

സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി അസിസ്റ്റന്റ് പ്രസിഡന്റ് ഡോ. ബദർ അൽസഗ്രിയുടെ നേതൃത്വത്തിലുള്ള അതോറിറ്റി സംഘത്തെയാണ് ഡിസിഎം എൻ. റാം പ്രസാദും എംബസി സെക്കൻഡ് സെക്രട്ടറി അസീം അൻവറും നേരിൽ കണ്ട് ചർച്ച നടത്തിയത്. രണ്ട് ദിവസം മുമ്പ് അംബാസഡർ ഡോ. ഔസാഫ് സഈദ് ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി മന്ത്രി അബ്ദുറഹ്മാൻ അൽഐബാൻ, അസിസ്റ്റന്റ് ഡെപ്യൂട്ടി മന്ത്രി സാറ അൽസഈദ് എന്നിവരുമായി ഈ വിഷയത്തിൽ ചർച്ച നടത്തിയിരുന്നു.

കോവിഡ് പശ്ചാത്തലത്തിലുണ്ടായ യാത്രാനിരോധനം നീക്കുക, ഇരുഭാഗത്തു നിന്നുമുള്ള വിമാന സർവീസിന് വേണ്ടി എയർ ബബിൾ കരാർ ഒപ്പിടുക, നിർത്തിവെച്ച വിമാന സർവീസ് സാധ്യമായ വേഗത്തിൽ പുനസ്ഥാപിക്കുക എന്നീ വിഷയങ്ങളിലാണ് ചർച്ച നടന്നതെന്ന് എംബസി വൃത്തങ്ങൾ അറിയിച്ചു. ചർച്ചകൾ പുരോഗമിക്കുകയാണെന്നും ആരോഗ്യമന്ത്രാലയത്തിേന്റതാണ് അന്തിമ തീരുമാനമെന്നും എംബസി അധികൃതർ പറഞ്ഞു.

Exit mobile version