അബുദാബി: കണ്ണൂരില്‍ നിന്നുളള ആദ്യ വിമാനം അബുദാബിയിലെത്തിയപ്പോള്‍ കേക്ക് മുറിച്ചും മധുരം പങ്കിട്ടും യാത്രക്കാരെ സ്വീകരിച്ച് വിമാനത്താവള അധികൃതര്‍.
ഇന്ത്യന്‍ സമരം ഉച്ചയ്ക്ക് 1.40ന് അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ വിമാനത്താവള അധികൃതരും എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഉദ്യോഗസ്ഥരുമടക്കമുള്ളവരും ചേര്‍ന്നാണ് സ്വീകരണമൊരുക്കിയത്. ആദ്യയാത്രയുടെ ഓര്‍മയ്ക്കായി എല്ലാവര്‍ക്കും പ്രത്യേക സര്‍ട്ടിഫിക്കറ്റുകളും കൈമാറി.
അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം രാവിലെ 10.06 ഓടെയാണ് കണ്ണൂരില്‍ നിന്ന് പറന്നുയര്‍ന്നത്. മുഖ്യമന്ത്രി പിണറായി വിജയനും, കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്നാണ് ആദ്യ വിമാനത്തിന് ഫ്‌ലാഗ് ഓഫ് ചെയ്തത്. 185 യാത്രക്കാരാണ് ആദ്യ വിമാനത്തില്‍ യാത്രക്കാരായുള്ളത്. വിവേക് കുല്‍ക്കര്‍ണിയായിരുന്നു ഈ വിമാനത്തിന്റെ പൈലറ്റ്. മിഹിര്‍ മഞ്ജരേക്കറായിരുന്നു സഹ പൈലറ്റ്.
ഇന്ത്യയ്ക്ക് പുറത്തുനിന്ന് കണ്ണൂരിലേക്കുള്ള ആദ്യ വിമാനം ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് മൂന്നുമണിക്ക് അബുദാബിയില്‍ നിന്ന് പുറപ്പെട്ടു. 160 യാത്രക്കാരാണ് കണ്ണൂരിലേക്ക് പറക്കുന്നത്.
ഞായറാഴ്ച രാവിലെ 9.30 ന് വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചിരുന്നു. മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും ചേര്‍ന്ന് നിലവിളക്ക് കൊളുത്തിയാണ് ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്തത്. ഇതിന് ശേഷമായിരുന്നു ഇരുവരും ചേര്‍ന്ന് ആദ്യ സര്‍വീസിന് ഫ്‌ലാഗ് ഓഫ് ചെയ്തത്. വിമാനത്താവളത്തിന് അനുമതി നല്‍കിയ മുന്‍ കേന്ദ്രവ്യോമയാനമന്ത്രി സി എം ഇബ്രാഹിമും ചടങ്ങില്‍ പങ്കെടുത്തിരുന്നു.