ദുബായ്: ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷത്തിന് സാക്ഷിയാകാൻ ബന്ധുക്കളും സുഹൃത്തുക്കളും പരിചയക്കാരുമെല്ലാം വേണമെന്ന് വിവാഹമുറപ്പിച്ചപ്പോൾ തന്നെ യുഎഇ മലയാളികളായ ജാസിം എന്ന യുവാവും അൽമാസ് എന്ന യുവതിയും ഉറപ്പിച്ചതാണ്. എന്നാൽ പ്രോട്ടോക്കോൾ ലംഘിക്കാതെ ആർക്കും ബുദ്ധിമുട്ടുണ്ടാക്കാതെ നിയമം പാലിച്ചു തന്നെ എല്ലാവരേയും വിവാഹത്തിനെത്തിക്കാനായി ഇവരുടെ ശ്രമം. ഇതിനായി തലപുകച്ച് ആലോചിച്ച് ഒടുവിൽ ഈ ദമ്പതികൾ കണ്ടെത്തിയ ‘ഐഡിയ’ സോഷ്യൽമീഡിയയിൽ ഉൾപ്പടെ വൻഹിറ്റ് ആയിരിക്കുകയാണ്.
സ്‌കൂൾ കാലം തൊട്ടുതന്നെ ദുബായിയിൽ താമസമാക്കിയ മലയാളികളായ മുഹമ്മദ് ജാസിം, അൽമാസ് ദമ്പതികളാണ് വിവാഹത്തിന് അടുപ്പമുള്ളവരെ ക്ഷണിക്കാൻ വ്യത്യസ്തമായ ആശയം നടപ്പാക്കിയത്. എമിറേറ്റ്‌സ് എയർലൈനിൽ എയറോനോട്ടിക്കൽ എഞ്ചിനീയറാണ് ജാസിം, അവസാന വർഷ മെഡിക്കൽ വിദ്യാർത്ഥിനിയാണ് അൽമാസ്. വലിയ ആഘോഷമോ ആർഭാടമോ വേണ്ടെന്ന് ഇരുവരും ആദ്യം തന്നെ മാതാപിതാക്കളെ അറിയിച്ചിരുന്നു. എങ്കിലും എല്ലാവരുടേയും അനുഗ്രഹവും ആശംസകളും നേരിട്ടെത്തി അറിയിക്കാനുള്ള സൗകര്യം ഒരുക്കാൻ ഇവർ തീരുമാനിക്കുകയായിരുന്നു.
വളരെ അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത നിക്കാഹിന് ശേഷം വധൂവരൻമാർ ജുമൈറയിലെ വീടിന് വെളിയിൽ പൂക്കൾ കൊണ്ട് അലങ്കരിച്ച കമാനത്തിന് താഴെ നിന്നു. ക്ഷണിക്കപ്പെട്ട മറ്റ് ബന്ധുക്കളും സുഹൃത്തുക്കളും കാറിലെത്തി. രണ്ട് മിനിറ്റ് കാർ നിർത്തിയ അതിഥികൾകാരിൽ നിന്നും ഇറങ്ങാതെ തന്നെ ഇരുവർക്കും ആശംസകളറിയിക്കുകയും ചിത്രങ്ങൾ എടുക്കുകയും ചെയ്തു. ധാരാളം ചിത്രങ്ങളെടുത്ത് ആശംസകളുമറിയിച്ച് വിവാഹത്തിൽ പങ്കെടുത്ത സന്തോഷത്തിൽ ഇവർ വാഹനമോടിച്ച് പോയി. ചിലർ വാഹനത്തിലിരുന്ന് പാട്ടുപാടിയും മറ്റും സന്തോഷം അറിയിച്ചു. ഇങ്ങനെ മുഴുവൻ ക്ഷണിക്കപ്പെട്ട അതിഥികളും കാറിൽ ഇരുന്നുകൊണ്ടുതന്നെ വെളിയിൽ കാലുകുത്താതെ സ്‌നേഹം പങ്കുവെച്ചു മടങ്ങുകയായിരുന്നെന്ന് ‘ഖലീജ് ടൈംസ്’ റിപ്പോർട്ട് ചെയ്തു.
ഉച്ചയ്ക്ക് 12 മണിക്ക് നിക്കാഹ് നടത്തിയതിന് ശേഷം വൈകിട്ട് നാലു മണി മുതൽ ആറ് മണി വരെയായിരുന്നു ‘കാറിൽ’ ഇരുന്ന വിവാഹ സൽക്കാരം. അൽമാസിന്റെ പിതാവ് അഹമ്മദ് പന്തലിങ്കലും സഹോദരൻ അൻസിഫ് അഹമ്മദുമാണ് ഇത്തരമൊരു ആശയത്തിന് വേണ്ട സൗകര്യങ്ങൾ ഒരുക്കി നൽകിയത്. വീഡിയോ വഴിയാണ് അതിഥികളെ ചടങ്ങിലേക്ക് ക്ഷണിച്ചത്. ആശയം അവതരിപ്പിച്ചപ്പോൾ അതിഥികൾക്കും ഏറെ സന്തോഷം. എല്ലാവരും നിർദേശം പാലിച്ച് ഗതാഗത തടസ്സം ഉണ്ടാകാത്ത രീതിയിൽ രണ്ട് മിനിറ്റ് മാത്രം കാറിലിരുന്ന് ആശംസകളറിയിച്ച് മടങ്ങുകയായിരുന്നു.
Discussion about this post