അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശനിയാഴ്ച മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും മഴയ്ക്കും സാധ്യത. ഏഴ് അടി വരെ ഉയരത്തില്‍ തിരമാല രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ അധികൃതര്‍ വ്യക്തമാക്കി.
ദേശീയ കാലാവസ്ഥാ കേന്ദ്രമാണ് അടിയന്തര കാലാവസ്ഥാ മുന്നറിയിപ്പ് പുറത്തുവിട്ടത്. ഇതേ തുടര്‍ന്ന് തീരദേശങ്ങളിലും പര്‍വ്വത മേഖലകളിലും ഉള്‍പ്പെടെ പ്രത്യേക ക്രമീകരണങ്ങളും നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വടക്ക് പടിഞ്ഞാറന്‍ കാറ്റ് ചില സമയങ്ങളില്‍ 50 കിലോമീറ്റര്‍ വരെ വേഗം പ്രാപിക്കുമെന്നും കടല്‍ കലുഷിതമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്.
അറേബ്യന്‍ ഗള്‍ഫിലെ തീരപ്രദേശങ്ങളില്‍ ശനിയാഴ്ച രാവിലെ നാലു മണിക്കും ഞായറാഴ് രാവിലെ നാലു മണിക്കും ഇടയില്‍ തിരമാലകള്‍ നാലു മുതല്‍ ഏഴ് അടി വരെ ഉയര്‍ന്നു പൊങ്ങാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അന്തരീക്ഷം മേഘാവൃതമാകുമെന്നും മഴയ്ക്ക് സാധ്യതയുണ്ടെന്നും താപനില കുറയുമെന്നും കാലാവസ്ഥാ വിഭാഗം അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച 33 ഡിഗ്രി സെല്‍ഷ്യസാകും ഉയര്‍ന്ന താപനില. അടിയന്തര സാഹചര്യങ്ങളില്‍ സഹായത്തിനായി പോലീസിനെ വിളിക്കാം. നമ്പര്‍ -999. ദുബായ് മുന്‍സിപ്പാലിറ്റ്- 800900
Discussion about this post