അബുദാബി: രാജ്യത്തെ ഇസ്ലാമിക വ്യക്തിഗത നിയമങ്ങളില്‍ സമഗ്ര പരിഷ്‌കാരവുമായി യുഎഇ. മദ്യപാനം, അനന്തരാവകാശം, വിവാഹം, വിവാഹമോചനം, ലിവിംഗ് ടുഗദര്‍ തുടങ്ങി നിരവധി നിയമങ്ങളിലാണ് ഭേദഗതി വരുത്തിയിരിക്കുന്നത്. ലിവിംഗ് ടുഗദറിനുള്ള അനുമതിയാണ് പുതിയ നിയമങ്ങളില്‍ ഏറ്റവും ശ്രദ്ധേയം. അവിവാഹിതരായ സ്ത്രീ പുരുഷന്മാര്‍ ഒരുമിച്ച് കഴിയുന്നത് നിലവില്‍ നിയമവിരുദ്ധമാണ്. ഇതിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.
ദുരഭിമാന കുറ്റകൃത്യങ്ങളെന്ന വിഭാഗം ഇനിയുണ്ടാകില്ല. ദുരഭിമാന കുറ്റകൃത്യങ്ങള്‍ കൊലപാതകമായി കണക്കാക്കി ശിക്ഷ ഉറപ്പാക്കും. ഇനി മദ്യപിക്കാന്‍ ലൈസന്‍സ് ആവശ്യമില്ല. 21 വയസ് തികഞ്ഞവര്‍ക്ക് മദ്യപിക്കാം. അതേസമയം, മദ്യപാനം സ്വകാര്യമായിട്ടോ ലൈസന്‍സുള്ള ഇടങ്ങളിലോ ആകണം.
സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് കഠിന ശിക്ഷ നല്‍കും. ഉഭയസമ്മതപ്രകാരം ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് കുറ്റകരമല്ല എന്നാല്‍ 14 വയസ്സില്‍ താഴെയുള്ളവര്‍ ഉള്‍പ്പെട്ടാല്‍ ശിക്ഷാര്‍ഹമാണ്. മാനസിക വെല്ലുവിളി നേരിടുന്നയാളെ ചൂഷണം ചെയ്താലും, പ്രതി ഇരയുടെ അടുത്ത ബന്ധുവാണെങ്കിലും ഉഭയസമ്മതപ്രകാരമാണെന്ന് കണക്കാക്കില്ല. പ്രായപൂര്‍ത്തിയാകാത്തവരുമായുള്ള ലൈംഗിക ബന്ധം,മാനസിക വെല്ലുവിളി നേരിടുന്നവരെ ലൈംഗികമായി ചൂഷണം ചെയ്യല്‍ എന്നിവ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ്.
പുതിയ ഭേദഗതി പ്രകാരം വിദേശികളായ താമസക്കാര്‍ക്ക് പിന്തുടര്‍ച്ചാവകാശവും സ്വത്ത് കൈമാറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അവരുടെ സ്വന്തം രാജ്യത്തെ നിയമങ്ങള്‍ പിന്തുടരാം. അതത് രാജ്യത്തെ വ്യക്തി നിയമങ്ങള്‍ അനുസരിച്ച് സ്വത്ത് കൈമാറ്റം നടത്താം. മരണത്തിന് മുന്‍പ് വില്‍പ്പത്രം എഴുതിയിട്ടുണ്ടെങ്കില്‍ അതിനനുസരിച്ച് പ്രവര്‍ത്തിക്കാം. ആത്മഹത്യയ്ക്ക് ശ്രമിക്കുന്നവരെ മാനസികാരോഗ്യ ചികിത്സയ്ക്ക് വിധേയമാക്കും. മുന്‍ രീതിയില്‍ ഇവര്‍ക്ക് നിയമനടപടികള്‍ നേരിടേണ്ടിയിരുന്നു.
മറ്റുള്ളവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഇടപെടല്‍ നടത്തുമ്പോള്‍ എതിരിലുള്ള വ്യക്തിക്ക് ദോഷകരമായ സംഭവങ്ങളുണ്ടായാല്‍ ആ വ്യക്തി കുറ്റകൃത്യത്തിന് ഉത്തരവാദിയായിരിക്കില്ലെന്നും പുതിയ ഭേദഗതി വ്യക്തമാക്കുന്നു.വിദേശ നിക്ഷേപങ്ങളും ടൂറിസവും പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ് പുതിയ നിയമങ്ങള്‍ നടപ്പില്‍ വരുത്തുന്നത്.
Discussion about this post