കല്യാണം കഴിഞ്ഞ് പുതിയ ജീവിതം സ്വപ്നം കണ്ട് തുടങ്ങും മുമ്പേ മരണം തട്ടിയെടുത്ത ഒരു പ്രവാസി യുവാവിനെ കുറിച്ച് വേദനയോടെ കുറിക്കുകയാണ് സാമൂഹ്യപ്രവര്‍ത്തകനായ അഷ്റഫ് താമരശ്ശേരി. ബ്ലഡ് പ്രഷര്‍ കൂടി ഒരു വശം തളര്‍ന്ന് രണ്ട് ദിവസം മുമ്പ് മരിച്ച ലക്നൗ സ്വദേശി 27 വയസ്സുളള സാംസെ ആലത്തിനെ കുറിച്ചാണ് അഷ്റഫ് താമരശ്ശേരി ഫേസ്ബുക്കില്‍ കുറിച്ചത്.
കുറിപ്പിന്റെ പൂര്‍ണരൂപം
ഇന്നലെ നാട്ടിലേക്ക് അയച്ച മയ്യത്ത് ഉത്തര്‍ പ്രദേശിലെ ലക്നൗ സ്വദേശി 27 വയസ്സുളള സാംസെ ആലത്തിന്റെതായിരുന്നു.കഴിഞ്ഞ മാസം 12 തീയതി Blood പ്രഷര്‍ കൂടി ഒരു വശം തളര്‍ന്ന് അജ്മാനിലെ ഖലീഫാ ആശുപത്രിയില്‍ Admit ചെയ്യുകയായിരുന്നു.രണ്ട് ദിവസം മുമ്പ് മരണത്തിന് ഈ ചെറുപ്പക്കാരന് കീഴടങ്ങി.
അജ്മാനില്‍ പ്രവര്‍ത്തിച്ച് വരുന്ന Majestic Boxes LLC എന്ന കമ്പനിയില്‍ അഞ്ച് വര്‍ഷമായി ജോലി ചെയ്ത് വരുകയായിരുന്നു.വളരെ ചെറുപ്പത്തില്‍ തന്നെ പിതാവിനെയും മാതാവിനെയും നഷ്ടപ്പെട്ടു. ഒരു ജേഷ്ഠ സഹോദരനും,രണ്ട് സഹോദരിയും അടങ്ങുന്നതാണ് ആലത്തിന്റെ കുടുംബം.കഴിഞ്ഞ വര്‍ഷം നാട്ടില്‍ അവധിക്ക് പോയപ്പോള്‍ വിവാഹം കഴിച്ചു.അവധിക്ക് കഴിഞ്ഞ് നാട്ടില്‍ നിന്ന് വന്നിട്ട് ഒരു വര്‍ഷം പോലും തികഞ്ഞില്ല, ജീവിക്കാന്‍ തുടങ്ങിയിട്ടെയുണ്ടായിരുന്നുളളു.അപ്പോഴെക്കും ഈ പാവം ചെറുപ്പക്കാരന് ലോകത്തില്‍ നിന്നും വിട പറഞ്ഞു.
ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍.
അല്ലാഹുവേ ഈ ചെറുപ്പകാരന്റെ പരലോക ജീവിതം നീ വിജയത്തിലാക്കി നീ അനുഗ്രഹിച്ചവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തി അനുഗ്രഹിക്കേണമേ. ആമീന്‍.
അല്ലാഹുവേ നാളെ വിചാരണ കൂടാതെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നവരുടെ കൂട്ടത്തില്‍ ഈ ചെറുപ്പകാരനെയും, ഞങ്ങളില്‍ നിന്നും മരണപ്പെട്ടുപോയവരെയും നാളെ ഞങ്ങളെയും ഉള്‍പെടുത്തി അനുഗ്രഹിക്കേണമേ. ആമീന്‍
പ്രാര്‍ത്ഥിക്കുവാനെ നമ്മുക്ക് സാധിക്കു. അല്ലാതെ മറ്റ് എന്ത് ചെയ്യുവാന്‍ കഴിയും.സ്വപ്നങ്ങള്‍ ബാക്കിയാക്കി യാത്രയാകുമ്പോള്‍, ഒരു വിങ്ങല്‍ മാത്രം,.ഒരു പിടി മണ്ണില്‍ നിന്ന് തുടക്കവും അതേ മണ്ണില്‍ ഒടുക്കവും.മരണം അനിവാര്യമായ കാര്യമാണ്.അത് എപ്പോള്‍,എവിടെ,എങ്ങനെ,അത് അജ്ഞാതമായി തന്നെ തുടരും.
തന്റെ പ്രിയപ്പെട്ടവനെ മരണം കൊണ്ടുപോകുമ്പോള്‍ ജീവിതം തുടങ്ങിയതെയുളളു. ആ കുഞ്ഞുപെങ്ങള്‍ക്ക്, കുറഞ്ഞ ദിവസങ്ങളിലെ ഒരുമ്മിച്ചുളള ജീവിതം.അത് ആസ്വദിച്ച് തീരുമ്പോഴെക്കും പ്രിയപ്പെട്ടവന്റെ പ്രവാസത്തിലേക്കുളള മടക്കം.വേര്‍പ്പെട്ട് ജീവിക്കുമ്പോഴും അയാള്‍ ഈ ലോകത്തുണ്ടെന്ന സമാധാനം.അവളെ വീണ്ടും ജീവിക്കാന്‍ പ്രേരണ നല്കി.കഴിഞ്ഞ ഒരു മാസമായി ആ കുഞ്ഞുമോള്‍ അനുഭവിക്കുന്ന വേദന,ഫോണിലൂടെ സംസാരിക്കുവാനും പോലും കഴിയാത്ത അവസ്ഥ.വല്ലാത്ത ഒരു വിധി തന്നെയാണ്. ഇപ്പോള്‍ ഇതാ കണ്മുന്നില് വെളള തുണിയില്‍ പൊതിഞ്ഞ് ഗള്‍ഫില്‍ നിന്ന് കൊണ്ട് വന്ന പെട്ടിയില്‍ നിശ്ചലമായി കിടക്കുന്നു. തന്റെ പ്രിയപ്പെട്ടവന്.അവള് ഓര്‍ത്തുപോയിട്ടുണ്ടാകും വെളള കളറിലുളള ഷര്‍ട്ടും ഫാന്‍സും ധരിച്ച് അത്തറും പൂശി തന്നെ കല്ല്യാണം കഴിക്കാന്‍ വന്ന ആ ദിവസത്തെകുറിച്ച്.ഒരുമ്മിച്ച് പങ്കിട്ട സന്തോഷങ്ങളെ കുറിച്ച്,ആ നല്ല നിമിഷങ്ങളെ ഓര്‍ത്ത് അവള് നിലവിളിക്കുകയാണ്. അപ്പോഴെക്കും അയാള്‍ മറ്റൊരു ലോകത്തേക്ക് വെളളതുണിയും ധരിച്ച് അത്തറും പൂശി പോവുകയാണ്.
മരണം ഒരു വാതില്‍ വലിച്ചടക്കലല്ല, മറ്റൊരു പുതിയ വാതില്‍ തുറക്കലാണ്.
അഷ്റഫ് താമരശ്ശേരി
Discussion about this post