റിയാദ്: വന്ദേഭാരത് മിഷന്‍ ഭാഗമായി ജിദ്ദയില്‍ നിന്നുള്ള എയര്‍ ഇന്ത്യയുടെ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 31 മുതല്‍ ഡിസംബര്‍ 30 വരെ ജിദ്ദയില്‍ നിന്നും ഇന്ത്യയിലേക്ക് എയര്‍ ഇന്ത്യയുടെ 36 സര്‍വീസുകള്‍ ഉണ്ടാവുമെന്നാണ് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചത്.
കേരളത്തില്‍ കോഴിക്കോട്ടേക്ക് മാത്രമായിരിക്കും സര്‍വിസുകള്‍. നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി ഒമ്പത് സര്‍വീസുകളാണ് കോഴിക്കോട്ടേക്ക് ഉണ്ടാവുക. നവംബര്‍ മൂന്ന്, 10, 17, 24, ഡിസംബര്‍ ഒന്ന്, എട്ട്, 15, 22, 29 എന്നീ തീയതികളിലാണ് കോഴിക്കോട്ടേക്കുള്ള സര്‍വീസുകള്‍. ജിദ്ദയില്‍ നിന്നും മുംബൈ വഴിയായിരിക്കും കോഴിക്കോട്ടേക്കുള്ള സര്‍വീസുകള്‍.
വൈകുന്നേരം 4.40ന് ജിദ്ദയില്‍ നിന്നും പുറപ്പെടുന്ന വിമാനം രാത്രി 11.55ന് മുംബൈയിലെത്തിച്ചേരും. തുടര്‍ന്ന് 12.45ന് മുംബൈയില്‍ നിന്നും പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 2.40ന് കരിപ്പൂരില്‍ എത്തിച്ചേരും വിധമാണ് സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. മുതിര്‍ന്നവര്‍ക്ക് 1061 റിയാലും 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് 836 റിയാലും രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് 164 റിയാലുമാണ് കോഴിക്കോട്ടേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍.
ജിദ്ദയില്‍ നിന്നും ഡല്‍ഹി വഴി ലക്‌നൗവിലേക്ക് 18 സര്‍വീസും ഹൈദരാബാദ് വഴി മുംബൈയിലേക്ക് ഒമ്പത് സര്‍വീസുമാണ് എയര്‍ ഇന്ത്യയുടെ മറ്റു സര്‍വീസുകള്‍. യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ പാസ്പോര്‍ട്ടിന്റെ കോപ്പി സഹിതം ജിദ്ദ മദീന റോഡില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ഇന്ത്യയുടെ ഓഫീസില്‍ നേരിട്ടെത്തി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണെന്നാണ് കോണ്‍സുലേറ്റ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചത്.