യുഎഇ താമസ വിസ, എമിറേറ്റ്‌സ് ഐഡി കാലാവധി കഴിഞ്ഞവർ തിങ്കളാഴ്ച മുതൽ പിഴ നൽകണം; ഇളവുകൾ അവസാനിച്ചു

ദുബായ്: യുഎഇ താമസവിസ, എമിറേറ്റ്‌സ് ഐഡി എന്നിവയുടെ കാലാവധി കഴിഞ്ഞവർ തിങ്കളാഴ്ച മുതൽ പിഴ നൽകേണ്ടിവരും. മാർച്ച് ഒന്നുമുതൽ ജൂലായ് 11 വരെ വിസ കാലാവധി കഴിഞ്ഞവർക്ക് പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാനും വിസ പുതുക്കാനും നീട്ടിനൽകിയിരുന്ന സമയം ഒക്ടോബർ പതിനൊന്നിന് അവസാനിച്ചതോടെയാണിത്. ഇനിമുതൽ പിഴ നൽകിയാൽ മാത്രമേ നാട്ടിലേക്ക് പോകാനോ വിസ നിയമാനുസൃതമാക്കാനോ സാധിക്കൂ.

എമിറേറ്റ്‌സ് ഐഡി കാലാവധി കഴിഞ്ഞവരും പിഴ ഒടുക്കേണ്ടി വരും. ആദ്യദിനം 125 ദിർഹവും പിന്നീടുള്ള ദിവസങ്ങളിൽ 25 ദിർഹം വീതവുമാണ് പിഴ ഈടാക്കുക. കൂടാതെ രാജ്യം വിടുമ്പോൾ 250 ദിർഹം അധികമായി നൽകണം.

എമിറേറ്റ്‌സ് ഐഡി പുതുക്കാത്തവർക്ക് ദിവസം 20 ദിർഹവും പിഴ ചുമത്തും. അതേസമയം ആറ് മാസത്തിൽ കൂടുതൽ യുഎഇക്ക് പുറത്ത് താമസിച്ച യുഎഇ താമസവിസയുള്ളവർക്ക് തിരിച്ചുവരാനാകുമെന്നും ദുബായ് ഇമിഗ്രേഷൻ അറിയിച്ചു. വിസ സാധുവായിരിക്കണം.

താമസവിസയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും പിഴകളെക്കുറിച്ചും കൂടുതലറിയാൻ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (www.ica.gov.ae) വെബ്‌സൈറ്റ് പരിശോധിക്കാം.

Exit mobile version