വന്ദേ ഭാരത് മിഷന്റെ ഏഴാം ഘട്ടം; ജിദ്ദയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ചു

ജിദ്ദ: വന്ദേ ഭാരത് മിഷന്റെ ഏഴാം ഘട്ടത്തില്‍ ജിദ്ദയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ഈ മാസം പതിനൊന്ന് മുതല്‍ 22 വരെയുള്ള കാലയളവില്‍ എയര്‍ ഇന്ത്യയുടെ ഒമ്പത് സര്‍വീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ചാര്‍ട്ടര്‍ വിമാനങ്ങളെ അപേക്ഷിച്ച് ടിക്കറ്റ് നിരക്കുകള്‍ വളരെ കുറവാണെന്നാണ് കോണ്‍സുലേറ്റ് അറിയിച്ചത്. മുതിര്‍ന്നവര്‍ക്ക് 1061 റിയാലും 12 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് 835 റിയാലും രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് 163 റിയാലുമാണ് ടിക്കറ്റ് നിരക്ക്.

ഒക്ടോബര്‍ 12,16,19 തീയതികളില്‍ ജിദ്ദയില്‍ നിന്ന് മുംബൈ വഴി കോഴിക്കോടേക്ക് സര്‍വ്വീസുകളുണ്ട്. മുംബൈയില്‍ ഒരു മണിക്കൂര്‍ സാങ്കേതിക സ്റ്റോപ് മാത്രമാണ് ഉണ്ടാവുക. യാത്രക്കാര്‍ വിമാനത്തില്‍ നിന്ന് പുറത്തിറങ്ങേണ്ടി വരില്ലെന്നാണ് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചത്. വൈകീട്ട് 5.10ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 12.25ന് മുംബൈയിലെത്തും. തുടര്‍ന്ന് അവിടെ നിന്ന് 1.25ന് പുറപ്പെടുന്ന വിമാനം 3.20ന് കോഴിക്കോട് എത്തിച്ചേരും.

ഇന്ത്യന്‍ എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്തവരില്‍ യാത്ര ചെയ്യാനാഗ്രഹിക്കുന്നവര്‍ എയര്‍ ഇന്ത്യ ഓഫീസിനെ നേരിട്ട് ബന്ധപ്പെട്ട് ടിക്കറ്റ് വാങ്ങണമെന്നാണ് അധികൃതര്‍ അറിയിച്ചത്. എയര്‍ ഇന്ത്യ ഓഫീസ് വഴിയല്ലാതെ മറ്റ് ട്രാവല്‍ ഏജന്‍സികള്‍ വഴി ടിക്കറ്റ് വിതരണം ചെയ്യില്ലെന്നും കോണ്‍സുലേറ്റ് വ്യക്തമാക്കിയിട്ടുണ്ട്. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന ക്രമത്തിലാകും ടിക്കറ്റ് വിതരണം ചെയ്യുക.

Exit mobile version