ദോഹ: ഖത്തറിനെതിരായുള്ള ഉപരോധം പിന്‍വലിക്കാന്‍ തയ്യാറാണെന്ന് ഈജിപ്ത്. സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ഖത്തറിന് മേല്‍ ഏര്‍പ്പടുത്തിയ ഉപരോധത്തിന് ഈജിപ്ത് പൂര്‍ണ പിന്തുണ നല്‍കിയിരുന്നു.
യുഎഇ, ബഹ്റൈന്‍, ഈജിപ്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങളാണ് നാല് വര്‍ഷം മുമ്പ് ഉപരോധം ഏര്‍പ്പെടുത്തുന്നത്. അതേസമയം സൗദിയില്‍ നിന്ന് അനുകൂല നിലപാട് സ്വീകരിക്കാത്തതാണ് ഈജിപ്തിന്റെ മനംമാറ്റത്തിന് പിന്നിലെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത് ഖത്തറിന്റെ പക്കല്‍ ഈജിപ്തിനെ പ്രതിരോധത്തിലാക്കുന്ന നിരവധി ഘടകങ്ങളുണ്ടെന്നും അതുകൊണ്ടാണ് മനംമാറ്റമെന്നും പറയുന്നു.
ജിസിസി ഉച്ചകോടിക്ക് ഖത്തറിനെ ക്ഷണിച്ചുകൊണ്ടുള്ള സൗദി ഭരണകൂടത്തിന്റെ കത്തിന് പിന്നാലെയാണ് ഈജിപ്ത് പുതിയ നിലപാടുമായി രംഗത്തെത്തിയത്. ഈജിപ്ത് വിദേശകാര്യമന്ത്രി സാമിഹ് ശുക്രിയാണ് ഉപരോധം അവസാനിപ്പിക്കുന്നതില്‍ വിരോധമില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയത്. എന്നാല്‍ ഉപരോധം മുന്നോട്ട് വെച്ച 13 നിബന്ധനകള്‍ നിലനില്‍ക്കുമെന്നും പറയുന്നു.
ഈജിപ്തിന്റെ മനംമാറ്റം ഉപരോധ രാജ്യങ്ങള്‍ക്കിടയിലെ ഭിന്നിപ്പിന് ഉദാഹരണമാണെന്ന് ഡോ: മജീദ് അല്‍ അന്‍സാരി പറഞ്ഞു. ഇതിന് മുമ്പും ഇത്തരത്തിലുള്ള പ്രസ്താവനകള്‍ ഈജിപ്ത് പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം ഇത്തരം പ്രസ്ഥാവനകളിലൂടെ ഈജിപ്ത് രാഷ്ട്രീയ നേട്ടമാണ് ലക്ഷ്യമിടുന്നതെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.