ദുബായ്: പ്രവാസികളുടെ ജീവനെടുക്കുന്ന അപകടകരമായ ജീവിതശൈലികളെ കുറിച്ച് മുന്നറിയിപ്പ് നൽകി പ്രവാസി സാമൂഹികപ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി. താൻ ഇടപെട്ട് നാട്ടിലേക്ക് അയച്ച മൂന്ന് മരങ്ങളെ കുറിച്ചാണ് അഷ്‌റഫ് താമരശ്ശേരിയുടെ ഫേസ്ബുക്ക് കുറിപ്പ്. മൂന്ന് മരണങ്ങളും ഹൃദയാഘാതത്തെ തുടർന്നായിരുന്നു.
ഇതിലൊരാൾ അടൂരിനടുത്തുളള ഏനാത്ത് സ്വദേശി തോമസിന്റേത് ആയിരുന്നു. മകളുടെ വിവാഹത്തിനായി നാട്ടിൽ പോകാൻ തയ്യാറെടുക്കുന്നതിനിടെയാണ് മരണത്തിന് തോമസ് കീഴടങ്ങിയത്. ഈ മാസം പത്താം തീയതിയായിരുന്നു വിവാഹം തീരുമാനിച്ചിരുന്നത്. വീട്ടിൽ വിവാഹ ഒരുക്കങ്ങൾ ആരംഭിക്കുകയും ഒമാനിലുളള വരൻ കഴിഞ്ഞ ആഴ്ച നാട്ടിലേയ്ക്ക് പുറപ്പെടുകയും ചെയ്തിരുന്നു, വിവാഹത്തിനായി എല്ലാവിധ ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് വീട്ടിലേക്ക് മരണവാർത്ത എത്തുന്നതെന്ന് അഷ്‌റഫ് താമരശ്ശേരി പറയുന്നു.
പ്രവാസികൾ ജീവിതശൈലിയുടെയും ഭക്ഷണക്രമീകരണത്തിന്റേയും കാര്യത്തിൽ ഏറെ ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് ഈ മൂന്ന് മരണങ്ങളും തെളിയിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ മുന്നറിയിപ്പ് നൽകുന്നു.
അഷ്‌റഫ് താമരശ്ശേരിയുടെ ഫേസ്ബുക്ക് കുറിപ്പ്:
ഇന്ന് മൂന്ന് മരണങ്ങളാണ് നാട്ടിലേക്ക് അയച്ചത്. മൂന്നും ഹൃദയസ്തംഭനമാണ്. പ്രായഭേദമില്ലാതെ പ്രവാസികളിൽ ഹൃദയാഘാതം മൂലമുള്ള മരണനിരക്ക് ഉയരുന്നു. ഭക്ഷണക്രമീകരണമില്ലായ്?മയും സമയം തെറ്റിയുള്ള ഭക്ഷണവും, പാതിരാത്രി യഥേഷ്?ടം മാംസാഹാരം കഴിക്കുന്നതും ഹൃദയത്തിന്റെ താളം തെറ്റിക്കുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങൾ വരുവാൻ ഇവ കാരണമാകുന്നു.
ഇന്ന് നാട്ടിലേക്ക് അയച്ച മൃതദേഹങ്ങളിൽ ഒരാളുടെത് അടൂരിനടുത്തുളള എനാത്ത് സ്വദേശി തോമസിന്റേത് ആയിരുന്നു. മകളുടെ വിവാഹത്തിനായി നാട്ടിൽ പോകാൻ തയ്യാറെടുക്കുന്നതിനിടെയാണ് മരണത്തിന് തോമസ് കീഴടങ്ങിയത്. ഈ മാസം പത്താം തീയതിയായിരുന്നു വിവാഹം തീരുമാനിച്ചിരുന്നത്. വീട്ടിൽ വിവാഹ ഒരുക്കങ്ങൾ ആരംഭിക്കുകയും ഒമാനിലുളള വരൻ കഴിഞ്ഞ ആഴ്ച നാട്ടിലേയ്ക്ക് പുറപ്പെടുകയും ചെയ്തിരുന്നു, വിവാഹത്തിനായി എല്ലാവിധ ഒരുക്കങ്ങൾ നടക്കുമ്പോൾ ആ ഭവനത്തിൽ മരണവാർത്ത എത്തുകയായിരുന്നു. ആ കുടുംബത്തിന്റെ നാഥൻ ദൈവത്തിന്റെ സന്നിധിയിലേക്ക് യാത്രയായി. മകളുടെ വിവാഹം തോമസിന്റെ സ്വപ്നമായിരുന്നു. അതാണ് ഇവിടെ ഇല്ലായത്. നമ്മൾ ഒന്ന് ചിന്തിക്കുന്നു, ദൈവം മറ്റൊന്ന് പ്രവർത്തിക്കുന്നു. മരണം ഏതു നിമിഷവും രംഗപ്രവേശം ചെയ്യാമെന്നുള്ള യാഥാർഥ്യം നാം തിരിച്ചറിയണം.
ഈ ഭൂമിയൽ കടന്നു വന്നവരെല്ലാം ഒരിക്കൽ മരണം സ്വീകരിക്കുമെന്ന് നിശ്ചയിക്കപ്പെട്ട സത്യമാണ്. ലംഘിക്കാനാവാത്ത ഈ വിധിയിൽ നിന്ന് ആരും ഒഴിവല്ല. നമുക്ക് മുമ്പ് കടന്നുപോയ എത്രയോ പേരുടെ ഒരവശിഷ്ടം പോലും ഇപ്പോൾ ഈ ഭൂമിയിൽ അവശേഷിക്കുന്നില്ല.
തോമസിന്റെ വേർപ്പാട് മൂലം,ആ കുടുംബത്തിനുണ്ടായ ദുഃഖത്തിൽ പങ്ക് ചേരുന്നതോടപ്പം, പരേതന്റെ ആത്മാവിന് ശാന്തിക്കായി പ്രാർത്ഥിക്കുന്നു.
അഷ്‌റഫ് താമരശ്ശേരി