മക്ക: അവധി ദിവസം കൂട്ടുകാരോടൊപ്പം ചൂണ്ടയിടാന്‍ പോയ പ്രവാസി മലയാളി വെള്ളക്കെട്ടില്‍ വീണ് മരിച്ചു. മലപ്പുറം അങ്ങാടിപ്പുറം വൈലോങ്ങര ആശാരിപ്പടി സ്വദേശി മൂന്നാക്കല്‍ മുഹമ്മദലിയാണ് ജിദ്ദക്കടുത്ത ശുഹൈബയില്‍ മരിച്ചത്. 48 വയസ്സായിരുന്നു.
ശനിയാഴ്ചയായിരുന്നു സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം മീന്‍ പിടിക്കാന്‍ പോയതായിരുന്നു മുഹമ്മദലി. അതിനിടെയാണ് ശക്തമായ പൊടിക്കാറ്റ് വീശിയത്. ഇതോടെ എല്ലാവരും വാഹനത്തിനു സമീപത്തേക്ക് തിരിച്ചെങ്കിലും അവിടെയെത്തിയപ്പോഴാണ് മുഹമ്മദലി കൂടെയില്ലെന്ന് മനസിലാകുന്നത്.
പരസ്പരം കാണാന്‍ കഴിയാത്ത കാറ്റായിരുനെങ്കിലും പരിസരത്ത് തിരച്ചില്‍ നടത്തി. മീന്‍ പിടിക്കാനിരുന്നിരുന്ന സ്ഥലത്ത് അദ്ദേഹത്തിന്റെ ചൂണ്ടയും മാസ്‌കും കണ്ടെത്തി. തുടര്‍ന്നുള്ള അന്വേഷത്തിലാണ് വെള്ളക്കെട്ടില്‍ വീണു മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
മക്കയിലെ ബജറ്റ് റെന്റ് എ കാര്‍ കമ്പനിയിലെ ജീവനക്കാരനാണ്. പിതാവ്: പരേതനായ മൂന്നാക്കല്‍ സൂപ്പി, ഉമ്മ: ഖദീജ വഴിപ്പാറ, ഭാര്യ: പാലത്തിങ്ങല്‍ റജീന പെരിന്തല്‍മണ്ണ, മക്കള്‍: ജിന്‍സിയ, സിനിയ. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം മക്കയില്‍ ഖബറടക്കും.
Discussion about this post