റിയാദ്: ജോലിക്കിടെ കുഴഞ്ഞുവീണ് പ്രവാസി മലയാളി മരിച്ചു. ദക്ഷിണ സൗദിയിലെ ജിസാനിന് സമീപം സാംതയില്‍ ബ്രോസ്റ്റ് കടയില്‍ ജോലി ചെയ്യുന്നതിനിടെ കാക്കഞ്ചേരി പുല്‍പറമ്പ് സ്വദേശി കൊടക്കാട്ട കത്ത് അഹമ്മദ് കുട്ടി (55) ആണ് മരണപ്പെട്ടത്. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങാനിരിക്കെയാണ് അപ്രതീക്ഷിത വിയോഗം.
കഴിഞ്ഞ 20 വര്‍ഷമായി സൗദിയിലുള്ള അഹമ്മദ് കുട്ടി സാംതയില്‍ 15 വര്‍ഷമായി ബ്രോസ്റ്റ് കടയില്‍ ജീവനക്കാരനാണ്. ഒരു വര്‍ഷം മുമ്പ് സൗദിയിലെത്തിയ പുത്രന് മുഹമ്മദ് ജംഷാദും ഇദ്ദേഹത്തോടൊപ്പം കടയില്‍ ജോലി ചെയ്യുന്നുണ്ട്. വെള്ളിയാഴ്ച ഉച്ചക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നുവെങ്കിലും തിരിച്ച് വന്ന് വീണ്ടും ജോലിയില്‍ ഏര്‍പ്പെട്ടതായിരുന്നു. രാത്രിയില്‍ കടയില്‍ എത്തിയ പതിവുകാരാണ് കുഴഞ്ഞു വീഴുന്ന അഹമ്മദ് കുട്ടിയെ കാണുന്നത്.
ബഹളം കേട്ട് ഓടി എത്തിയ മകനും മറ്റ് സുഹൃത്തുക്കളും ചേര്‍ന്ന് സാംത ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഹമ്മദ് കുട്ടി മരണപ്പെടുകയായിരുന്നു. സാംത ജനറല്‍ ആശുപത്രിയിലുള്ള മൃത ശരീരം നടപടി ക്രമങ്ങള്‍ പൂര്‍ത്തീയാക്കി റിയാദില്‍ തന്നെ ഖബറടക്കും. പിതാവ്: പരേതനായ കൊടക്കാട്ട കത്ത് കുഞ്ഞിമുഹമ്മദ്, മാതാവ്: പുല്ലാട്ടില്‍ കുഞ്ഞിപ്പാത്തു. ഭാര്യ: പുല്ലാട്ടില്‍ റംലത്ത്, മക്കള്‍: മുഹമ്മദ് ജംഷാദ് (സാംത), രഹന, റജുല. മരുമകന്: സമദ് ഫറോക്ക്.
Discussion about this post