കുവൈറ്റ് സിറ്റി: കുവൈറ്റിന്റെ പുതിയ ഭരണാധികാരിയായി ശൈഖ് നവാഫ് അല്‍ അഹമ്മദ് അസ്സബാഹ്. അരനൂറ്റാണ്ടിന്റെ ഭരണപരിചയവും വിവിധ മേഖലകളിലെ നിര്‍ണായക മാറ്റങ്ങള്‍ക്കു ചുക്കാന്‍ പിടിച്ച മികവുമായാണ് ഷെയ്ഖ് നവാഫ് കുവൈത്ത് അമീറാകുന്നത്.
ചൊവാഴ്ച ചേര്‍ന്ന അടിയന്തിര മന്ത്രിസഭായോഗമാണ് കിരീടാവകാശിയായിരുന്ന ഷെയ്ഖ് നവാഫിനെ കുവൈത്തിന്റെ പതിനാറാമത് അമീര്‍ ആയി തെരഞ്ഞെടുത്തത്.ചികിത്സക്കായി അമേരിക്കയിലേക്ക് പുറപ്പെടുന്നതിനു മുമ്പ് ഭരണഘടനാപരമായ ചില അധികാരങ്ങള്‍ അന്തരിച്ച അമീര്‍ ഷെയ്ഖ് സബാഹ് അല്ല അഹ്മദ് അസ്സ്വബാഹ് കിരീടാവകാശിക്ക് കൈമാറിയിരുന്നു.
അമീറിന്റെ വിയോഗ വാര്‍ത്ത സ്ഥിരീകരിച്ച ഉടന്‍ മന്ത്രിസഭ പ്രത്യേകയോഗം ചേര്‍ന്ന് ഭരണസാരഥ്യം ഏറ്റെടുക്കാന്‍ ഷെയ്ഖ് നവാഫിനോട് ആവശ്യപ്പെടുകയായിരുന്നു. ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ അനസ് അല്‍ സ്വാലിഹ് ദേശീയ ടെലിവിഷന്‍ ചാനലിലൂടെയാണ് പുതിയ അമീറിനെ തെരഞ്ഞെടുത്ത കാര്യം പ്രഖ്യാപിച്ചത്.
അതിര്‍ത്തി കാക്കുന്നതിന് കാര്യക്ഷമമായ പദ്ധതികള്‍ ആവിഷ്‌കരിച്ച പ്രതിരോധമന്ത്രിയും സുരക്ഷാ മേഖലയില്‍ ശ്രദ്ധേയ മാറ്റങ്ങള്‍ വരുത്തിയ ആഭ്യന്തര മന്ത്രിയുമാണ് അദ്ദേഹം. സാമൂഹിക-തൊഴില്‍ മന്ത്രി എന്ന നിലയില്‍ വിധവകള്‍, പ്രായമുള്ളവര്‍, അനാഥര്‍ എന്നിവരുടെ ക്ഷേമത്തിനായുള്ള നൂതന പദ്ധതികളുടെ ഉപജ്ഞാതാവ് കൂടിയാണ് അദ്ദേഹം.
പത്താമത്തെ അമീര്‍ ആയിരുന്ന ഷെയ്ഖ് അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ പുത്രനായ ഷെയ്ഖ് നവാഫ്, 1961ല്‍ ഹവല്ലി ഗവര്‍ണറായാണ് ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. 1978വരെ ആ സ്ഥാനത്ത് തുടര്‍ന്ന അദ്ദേഹം 1978ല്‍ ആഭ്യന്തരമന്ത്രിയും 1988ല്‍ പ്രതിരോധ മന്ത്രിയുമായി.
വിമോചനാനന്തര കുവൈത്തില്‍ സാമൂഹിക-തൊഴില്‍ മന്ത്രിയുമായി. 1994മുതല്‍ 2003വരെ നാഷനല്‍ ഗാര്‍ഡ് ഉപമേധാവി. 2006 വരെ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമെന്ന പദവി വഹിച്ചു. 2006 മുതല്‍ കിരീടാവകാശി. അദ്ദേഹത്തെ ഡപ്യൂട്ടി അമീര്‍ ആക്കിയ ശേഷമാണു ഷെയ്ഖ് സബാഹ് യുഎസില്‍ ചികില്‍സയ്ക്കായി തിരിച്ചത്.
രാജ്യചരിത്രത്തിലെ പതിനാറാമത്തെയും ബ്രിട്ടനില്‍നിന്ന് സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ആറാമത്തെയും അമീറാണ് ഷെയ്ഖ് നവാഫ് .ജാബിര്‍, സാലിം ശാഖകളില്‍ നിന്ന് ഒന്നിടവിട്ട ഊഴങ്ങളില്‍ അമീര്‍ എന്ന കീഴ്വഴക്കം കൂടിയാണ് ഇപ്പോള്‍ പൂര്‍ണമായി വഴിമാറുന്നത്. പുതിയ അമീറും 2 മുന്‍ഗാമികളും ജാബിര്‍ ശാഖയില്‍ നിന്നുള്ളവരാണ്. ഇടയ്ക്ക് സാലിം ശാഖയില്‍ നിന്ന് സഅദ് അമീര്‍ ആയെങ്കിലും സത്യപ്രതിജ്ഞ ചെയ്തിരുന്നില്ല.
Discussion about this post